piramadamups
പിറമാടം ഗവ. യു.പി.സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും എയർ ഫോഴ്സ് വിങ് കമാൻഡർ .ട്രസ്റ്റിൻ ജോർജ് ജേക്കബിന്റെ ഭവനത്തിലെത്തി ആദരിക്കുന്നു

പിറവം: പിറമാടം ഗവ. യു.പി.സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും എയർ ഫോഴ്സ് വിംഗ് കമാൻഡർ .ട്രസ്റ്റിൻ ജോർജ് ജേക്കബിന്റെ ഭവനത്തിലെത്തി അദ്ദേഹത്തെ ആദരിച്ചു. രണ്ട് ആഴ്ചത്തെ അവധിക്ക് വീട്ടിലെത്തിയ അദ്ദേഹം കുട്ടികളോടൊപ്പം വളരെ ആഹ്ളാദത്തോടെ ചെലവഴിച്ചു. വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന വിദ്യാലയം പ്രതിഭകളിലേയ്ക്ക് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം. മികച്ച കായിക താരവും ലോംഗ് ജംപിൽ ദേശീയ റെക്കോഡ് സ്ഥാപിക്കുകയും ചെയ്ത ട്രസ്റ്റിൻ ചെറുപ്പത്തിൽ എയർ ഫോഴ്സ് മോഹം മനസിൽ കൊണ്ടു നടന്നതും പിതാവിനോടൊപ്പം ഒരു കായിക മേളയിൽ പങ്കെടുക്കുവാൻ ബസിൽ പോകവേ ഹെഡ് പോസ്റ്റോഫീസ് കണ്ടപ്പോൾ അവിടെ എൻ.ഡിഎ യിലേക്കുള്ള അപേക്ഷ ഫോം കിട്ടുമെന്ന് അച്ഛനോടു പറഞ്ഞതും ബസ് നിർത്തിച്ച് ഇറങ്ങി അപേക്ഷ വാങ്ങിയതുമെല്ലാം കുട്ടികൾ കൗതുകത്തോടെ കേട്ടിരുന്നു. മൂന്നു സേനാ വിഭാഗങ്ങളെക്കുറിച്ചും ലളിതമായി അദ്ദേഹം കുട്ടികൾക്കു പറഞ്ഞു കൊടുത്തു. എയർ ഫോഴ്സിന്റെ പ്രവർത്തനങ്ങൾ, പരിശീലനങ്ങൾ, രക്ഷാദൗത്യങ്ങൾ, യുദ്ധ സന്നാഹങ്ങൾ ,ഇവയെല്ലാം വീഡിയോയുടെ സഹായത്തോടെ കുട്ടികൾക്കു വിവരിച്ചു കൊടുത്തു.. രാജ്യത്തിന്റെ അഭിമാനമായ അഭിനന്ദ് വർദ്ധമാനും ട്രസ്റ്റിനും സുഹൃത്തുക്കളാണെന്നും ട്രെയിനിങ്ങിന് ഒരേ ബറ്റാലിയനിൽ ആയിരുന്നു എന്നതും കുട്ടികൾ അത്ഭുതത്തോടെ കേട്ടിരുന്നു.

:വർഷങ്ങളായി നാട്ടിൽ ഇല്ലാത്തതിനാൽ നാട്ടിലും പൊതു വിദ്യാലയങ്ങളിലും വന്ന മാറ്റങ്ങൾ അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞപ്പോൾ അത്ഭുതം തോന്നി എന്നും അദ്ദേഹം പറഞ്ഞു.പൊതു വിദ്യാലയത്തിൽ പഠിക്കാൻ പറ്റാത്തതിന്റെ വിഷമവും അദേഹം പങ്കുവെച്ചു. കേട്ടറിഞതിൽ നിന്നും ഒരു പാട് വ്യത്യസ്തമായ ഒട്ടേറെ അറിവുകളുമായാണ് കുട്ടികളും അദ്ധ്യാപകരും മടങ്ങിയത്..