nadukkara
വാഴക്കുളം അഗ്രോപ്രൊസസിംഗ് കമ്പനി........................

നടുക്കര കമ്പനി കർഷകർക്ക് കൈമാറാൻ
സർക്കാർ നിയമോപദേശത്തിനൊരുങ്ങുന്നു

മൂവാറ്റുപുഴ: നഷ്ടത്തിൽ നിന്നും കരകയറാൻ കഴിയാത്ത സർക്കാർ നിയന്ത്രണത്തിലുള്ള വാഴക്കുളം അഗ്രോപ്രൊസസിംഗ് കമ്പനി കർഷകരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയ്ക്ക് കൈമാറുന്നതിനെ കുറിച്ച് നിയമോപദേശത്തിനൊരുങ്ങുന്നു. തിങ്കളാഴ്ച കൃഷി വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നടന്ന യോഗത്തിൽ എൽദോ എബ്രഹാം എം.എൽ.എ, കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ പി.എം.ഇസ്മയിൽ, ഷാജു വടക്കൻ, ജോളി.പി.ജോർജ്, എം.എം.ജോർജ്, അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷ്ണർ, കമ്പനി എം.ഡി. അടക്കമുള്ളവർ പങ്കെടുത്തിരുന്നു. കോടി കണക്കിന് രൂപയുടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന കമ്പനിയെ രക്ഷിക്കുവാൻ സർക്കാർ പലപദ്ധതികൾ തയ്യാറാക്കിയെങ്കിലും കമ്പനിയെ രക്ഷിക്കാനായില്ല. പണം വിവിധ മേഖലകളിൽ വിനിയോഗിച്ചിട്ടും കമ്പനി തകർച്ചയിൽ നിന്ന് കര കയറിയില്ല. ഇതേ തുടർന്നാണ് കമ്പനിയുടെ ആരംഭകാലത്ത് പ്രവർത്തിച്ച് വന്നിരുന്ന കർഷകരുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയെ കുറിച്ച് ആലോചിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. ഇതിനായി നിയമോപദേശം തേടി, രാഷ്ട്രീയ തലത്തിലും, മന്തിസഭ തലത്തിലും തീരുമാനമെടുക്കുവാനൊരുങ്ങുന്നു. ജലസേജന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഹില്ലി അക്വ കുപ്പി വെള്ളത്തിന്റെ പ്ലാന്റ് സ്ഥാപിക്കുന്നതിന് പ്രൊജക്ട് തയ്യാറാക്കിയിട്ടുണ്ട്. ജൈവ് കുപ്പിവെള്ളം വിപണിയിലിറക്കാനുള്ള തയ്യാറെടുപ്പ് നടക്കുന്നുണ്ട്. ഇതോടൊപ്പം പൈനാപ്പിൾ വൈൻ കമ്പനിയിൽ ഉൽപ്പാദിപ്പിക്കുന്നതിനുള്ള നീക്കവും ഉണ്ട്. പെറ്റ്‌ബോട്ടിൽ പ്ലാന്റ് സ്ഥാപിക്കുന്നതിന് നാല് കോടി രൂപയുടെ പ്രൊജക്ട് സർക്കാരിന്റെ പരിഗണനയിലാണ്. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി കമ്പനിയിലെ കാലപ്പഴക്കം ചെന്ന മെഷിനറികൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും സർക്കാരിന്റെ മുന്നിലുണ്ട്. തൊഴിലാളികളുടെ ശമ്പള കുടിശികയും, ഉല്പാദന കുറവും വൻ പ്രതിസന്ധി യിലാക്കിയിരിക്കുന്ന കമ്പനിയെയാണ് കർഷകർക്ക് കൈമാറാൻ സർക്കാർ ഒരുങ്ങുന്നത്.

● യൂറോപ്പ്യൻ യൂണിയന്റെ സാമ്പത്തിക സഹായത്തോടെ വാഴക്കുളത്ത് നടുക്കര അഗ്രോപ്രസസിംഗ് കമ്പനി പ്രവർത്തനമാരംഭിച്ചു

● 2500രൂപ ഷയറും, 50 സെന്റ് സ്ഥലവുമുള്ള കർഷകരെ അംഗങ്ങളാക്കി കർഷകരുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ച് വന്നിരുന്ന കമ്പനിയിലെ ജൈവഉല്പ്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിൽ വരെ സ്ഥാനം പിടിച്ചിരുന്നു

● ലാഭത്തിലുമായിരുന്ന കമ്പനി 2012 ൽ കർഷകരുടെ നിയന്ത്രണത്തിലുള്ള ഭരണ സമിതിയെ പിരിച്ച് വിട്ട് സർക്കാർ ഏറ്റെടുത്തു

●2012 മുതൽ 19 വരെയുള്ള കാലയളവിൽ 10കോടി രൂപ നഷ്ടം

●തൊഴിലാളികൾക്ക് 11 മാസത്തെ ശമ്പളവും നൽകാനുണ്ട്

● കാലപ്പഴക്കം ചെന്ന മെഷിനറികളും മറ്റും കമ്പനിയുടെ പ്രവർത്തനം മന്ദഗതിയിലാക്കി