കൊച്ചി: മേയർ സൗമിനി ജെയിനെ മാറ്റണമെന്ന ഉറച്ച തീരുമാനവുമായി മുന്നോട്ടു പോകുന്ന കോൺഗ്രസ് ജില്ലാ നേതൃത്വം പുതിയ തന്ത്രവുമായി രംഗത്ത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരെ രാജിവെപ്പിച്ച് മേയർക്കുമേൽ സമ്മർദ്ദം സൃഷ്ടിക്കാനാണ് നീക്കം. നീക്കത്തിനെതിരെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ രംഗത്തുവന്നു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ബി. സാബു, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഗ്രേസി ജോസഫ്, നഗരാസൂത്രണ സമിതി അദ്ധ്യക്ഷ ഷൈനി മാത്യു, നികുതികാര്യ സമിതി അദ്ധ്യക്ഷൻ കെ.വി.പി. കൃഷ്ണകുമാർ എന്നിവരോടാണ് 23 നകം കോർപ്പറേഷൻ സെക്രട്ടറിക്ക് രാജി നൽകണമെന്ന് ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു.
വിദേശ യാത്രയിലായ എ.ബി. സാബു കത്ത് കൈപ്പറ്റിയിട്ടില്ല. ഒപ്പമുള്ള മുസ്ളീംലീഗ് പ്രതിനിധിയും മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനുമായ പി.എം. ഹാരിസ് മടങ്ങിയെത്തിയശേഷം രാജിവയ്ക്കാൻ നിർദേശം നൽകുമെന്ന് മുസ്ളീം ലീഗ് പാർലമെന്ററി പാർട്ടി നേതാവായ ടി.കെ. അഷ്‌റഫ് പറഞ്ഞു.
# മേയർക്ക് അന്ത്യശാസനം
മേയർ മാറ്റം കെ.പി.സി.സി പ്രസിഡന്റിന്റെ പരിഗണനയിലാണ്. അതേസമയം ഡിസംബർ 31 നകം മേയർ സ്ഥാനം ഒഴിയണമെന്ന് ഉമ്മൻചാണ്ടി സൗമിനി ജെയിനിന് നേരിട്ട് നിർദേശം നൽകിയിട്ടുണ്ടെന്ന് പാർട്ടിവൃത്തങ്ങൾ അറിയിച്ചു. മേയറെ അവഹേളിച്ചു പുറത്താക്കുന്നെന്ന പ്രതീതി ഒഴിവാക്കുന്നതിനാണ് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരെ കൂടി മാറ്റുന്നതെന്ന് സൗമിനിയുടെ എതിരാളികൾ പറയുന്നു.
# ഇക്കളി തീക്കളിയെന്ന് അദ്ധ്യക്ഷൻമാർ
രണ്ടര വർഷത്തിനു ശേഷം മേയർ ഉൾപ്പടെയുള്ളവർ മാറുമെന്ന് ധാരണയുള്ള കാര്യം കഴിഞ്ഞ നാലു വർഷവും നേതൃത്വം തന്നോട് പറഞ്ഞിട്ടില്ലെന്ന് ഗ്രേസി ജോസഫ് പറഞ്ഞു. തീരുമാനത്തിന്റെ മിനിറ്റ്സ് പിന്നീടുള്ള യോഗത്തിൽ വായിച്ചിട്ടുമില്ല. പ്ളാൻ ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുന്ന ഈ സമയത്ത് വികസനകാര്യ സമിതിയിൽ മാറ്റം വരുന്നത് നഗരത്തിന്റെ വികസന പ്രവർത്തനങ്ങളെ അവതാളത്തിലാക്കും. അവർ മുന്നറിയിപ്പ് നൽകി.
അദ്ധ്യക്ഷൻമാർ പറയുന്നു
#സ്ഥിരം സമിതികളിലെ അഴിച്ചുപണി കുട്ടിക്കളിയല്ല. സമിതികളിലെ അംഗങ്ങൾ വോട്ടെടുപ്പിലൂടെയാണ് പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്ലാ യു.ഡി.എഫ് സമിതികളും പിടിച്ചുനിൽക്കുന്നത്. മുമ്പു നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിൽ ധനകാര്യ , ആരോഗ്യ സമിതികൾ നഷ്ടപ്പെട്ട യു.ഡി.എഫ് എന്തു ധൈര്യത്തിലാണ് വീണ്ടുമൊരു വോട്ടെടുപ്പിന് ഒരുങ്ങുന്നത്.
# ടി.ജെ.വിനോദ് സ്ഥാനം ഒഴിഞ്ഞ മാമംഗലം ഡിവിഷനിലേക്കുള്ള തിരഞ്ഞെടുപ്പിനെ സ്ഥാനമാറ്റത്തെ ചൊല്ലിയുള്ള ചേരിപ്പോര് പ്രതികൂലമായി ബാധിക്കും
# അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയസാദ്ധ്യത മങ്ങും
# ഭരണമാറ്റത്തിന്റെ കാര്യത്തിൽ അത്ര നിർബന്ധമാണെങ്കിൽ മേയർ ഉൾപ്പടെയുള്ള സ്ഥാനങ്ങളിലേക്ക് പുതുമുഖങ്ങൾ വരണം
# കെ.പി.സി.സിയെ സമീപിക്കും
രാജിഭീഷണി ഒഴിയാതെ
മേയർ രാജിവച്ചാൽ പിന്തുണ പിൻവലിക്കുമെന്ന രണ്ട് വനിത കൗൺസിലർമാരുടെ ഭീഷണി നിലനിൽക്കുന്നു. തങ്ങളെ കൂടി മാറ്റിയാൽ കാര്യങ്ങൾ കൂടുതൽ വഷളാകും. തത്കാലം രാജി വയ്ക്കില്ലെന്നും കെ.പി.സി.സി നേതൃത്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താനുമാണ് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരുടെ തീരുമാനം.