കൊച്ചി : എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഇന്ന് രണ്ടു മണിക്കൂർ പണിമുടക്കും. രാവിലെ എട്ടുമുതൽ പത്തുവരെ ഒ.പിയിൽ രോഗികളെ 25 ഓളം ഡോക്ടർമാർ പരിശോധിക്കില്ല. അത്യാഹിതവിഭാഗം, ഐ.സി.യു, ലേബർ റൂം, അടിയന്തര ശസ്ത്രക്രിയകൾ, മറ്റ് അത്യാഹിത സേവനങ്ങൾ എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ ശമ്പളം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്തെ മുഴുവൻ സർക്കാർ മെഡിക്കൽ കോളേജുകളിലും പണിമുടക്കും. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ ഡോക്ടർമാർ പ്രകടനവും ധർണയും നടത്തുമെന്ന് അസോസിയേഷൻ മുൻ പ്രസിഡന്റ് ഡോ. കവിത രവി, മെഡിക്കൽ കോളേജ് യൂണിറ്റ് പ്രസിഡന്റ് ഡോ. വിധുകുമാർ, സെക്രട്ടറി ഡോ. ഉന്മേഷ് എന്നിവർ അറിയിച്ചു.

മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ ശമ്പളം 13 വർഷം മുമ്പ് പരിഷ്കരിച്ചതാണ്. നിരവധിതവണ ആവശ്യപ്പെട്ടെങ്കിലും പരിഷ്കരണം നടത്താൻ സർക്കാർ തയ്യാറായില്ല. സർക്കാർ ഡോക്ടർമാർക്കും ജീവനക്കാർക്കും ശമ്പളപരിഷ്കരണം നടപ്പാക്കുകയും ചെയ്തു. നടപടി വൈകിയാൽ അനിശ്ചിതകാല സമരം ആരംഭിക്കും.