അപകടങ്ങളെക്കുറിച്ച് നാം കേൾക്കാത്ത ഒരു ദിവസം പോലുമില്ല. അപകടം സംഭവിച്ച ആളിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞാലും ചിലപ്പോൾ അവയവങ്ങൾ മുറിഞ്ഞുപോകാറുണ്ട്. അറ്റുപോയ അവയവം ആശുപത്രിയിൽ എത്തിച്ചാൽ അവ ചിലപ്പോൾ തുന്നിച്ചേർക്കാൻ സാധിക്കും. ഇതിന് എന്തു ചെയ്യണമെന്ന് അറിയാത്തതാണ് പലപ്പോഴും അവയവ നഷ്ടത്തിനിടയാക്കുന്നത്.
ശാസ്ത്രം മുന്നേറിയതോടെ അറ്റുപോയ അവയവങ്ങൾ തുന്നിച്ചേർക്കാൻ പുതിയ മാർഗങ്ങൾ എത്തിയിട്ടുണ്ട്. അറ്റുപോയ കൈകാലുകളും വിരലുകളും മറ്റവയവങ്ങളും വിദഗ്ദ്ധ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കുന്നതാണ് ‘മൈക്രോവാസ്കുലർ സർജറി'. മുറിഞ്ഞുപോയ അവയവങ്ങൾ മൈക്രോസ്കോപ്പ് ഉപയോഗിച്ചുള്ള ശസ്ത്രക്രിയ വഴിയാണ് വച്ചുപിടിപ്പിക്കുന്നത്. ശരിയായ പരിചരണത്തോടെ അവയവം എത്തിച്ചാൽ ശസ്ത്രക്രിയ വിജയപ്രദമാകും. ചതയാത്ത മുറിവുകളിലാണ് ശസ്ത്രക്രിയ കൂടുതൽ ഫലപ്രദമായി കാണുന്നത്. ചതഞ്ഞരഞ്ഞതും പറിഞ്ഞു പോയതും മലിനമായതും തൊലി കൂടുതൽ കേടു സംഭവിച്ചതുമായ അവയവങ്ങൾക്ക് വിജയശതമാനം കുറവായിരിക്കും.
ഇവ ചെയ്യുക
മുറിഞ്ഞ അവയവം ശുദ്ധജലത്തിൽ കഴുകി ശുദ്ധമായ തുണികൊണ്ട് പൊതിയുക
അത് നല്ല പ്ലാസ്റ്റിക് കവറിലിട്ട് തുറന്ന ഭാഗം ചരടുകൊണ്ടു കെട്ടുകയോ, റബർ ബാന്റ് ഇടുകയോ ചെയ്യുക
അവയവം സൂക്ഷിച്ചിട്ടുള്ള കവർ ഐസ് നിറച്ച സംഭരണിയിൽ വയ്ക്കുക. (ഇതിനെ ഐസ് പാക്കിംഗ് എന്നുപറയുന്നു)
ഇങ്ങനെ സംരക്ഷിച്ച വിരലുകൾ 24 മണിക്കൂറിനുള്ളിലും
കൈകാലുകൾ 6 മണിക്കൂറിനുള്ളിലും മൈക്രോവാസ്കുലർ കേന്ദ്രത്തിൽ എത്തിക്കേണ്ടതാണ്.
ഇവ ചെയ്യരുത്
അറ്റുപോയ അവയവം ഒരിക്കലും ഐസിൽ നേരിട്ട് മുട്ടിച്ച് വയ്ക്കരുത്.
അവയവം ഒരിക്കലും ഉപ്പ് ലായനിയിൽ വയ്ക്കരുത്
അറ്റുപോയ ഭാഗം ഒരിക്കലും ശക്തിയായി കഴുകരുത്. അങ്ങനെ ചെയ്താൽ രക്തക്കുഴലുകൾക്ക് കേട് സംഭവിക്കും
ഡോ. ആർ.ജയകുമാർ
മൈക്രോവാസ്കുലർ സർജറി വിഭാഗം തലവൻ,
സ്പെഷ്യലിസ്റ്റ്സ് ആശുപത്രി, എറണാകുളം
ഫോൺ: 0484 2395952.