പെരുമ്പാവൂർ: രാമന്റെ നിർദ്ദേശപ്രകാരം സീതയെ കാട്ടിലുപേക്ഷിക്കാൻ പോകുന്ന ലക്ഷ്മണനും സീതയും തമ്മിലുള്ള സംഭാഷണ സന്ദർഭം കന്നഡ ഭാഷയിൽ ഈണത്തിൽ ചൊല്ലി ഹൈസ്കൂൾ തലത്തിൽ കന്നഡ പദ്യംചൊല്ലലിൽ ഒന്നാം സ്ഥാനം നേടിയത് പൂവത്തുശ്ശേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെപത്താംക്ളാസ് വിദ്യാർത്ഥിനി ലക്ഷ്മി ഗോപാൽ പിള്ള. കമ്പരാമായണത്തിലെ വരികൾ ഹൃദ്യസ്ഥമാക്കാൻ ലക്ഷ്മിക്ക് ഗുരുവായത് അമ്മ രജനി വേണുഗോപാൽ .. പ്രൊഫഷണൽ കാഥികയായ രജനി വർഷങ്ങളായി കലോത്സവ മത്സരങ്ങൾക്കായി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് മറ്റൊരു വിദ്യാർത്ഥിയെ പഠിപ്പിച്ച കവിതയാണ് ഇത്തവണ മകളെ പരിശീലിപ്പിച്ചത്.എട്ടാം ക്ലാസ് മുതൽ കലോത്സവ മത്സരരംഗത്തുള്ള ലക്ഷ്മി കഴിഞ്ഞ ജില്ലാ കലോത്സവത്തിൽ കന്നഡ പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടിയിരുന്നു. ഇന്ന് നടക്കുന്ന സംസ്കൃത പ്രഭാഷണത്തിലും മത്സരിക്കുന്നുണ്ട്. അച്ഛൻ വിദേശത്താണ്. അയിരൂർ കണക്കൻകടവിലാണ് അമ്മയ്ക്കും സഹോദരൻ മാധവിനുമൊപ്പം താമസം.
സംസ്‌കൃതോത്സവത്തിലെ ചമ്പു പ്രഭാഷണത്തിലും ലക്ഷ്മിക്ക് മത്സരമുണ്ട്. ഭീഷ്മ ശപഥം എന്ന മലയാള കഥാപ്രസംഗംഅവതരിപ്പിച്ച രജനിക്ക് 1991 മുതൽ 1993 വരെ തുടർച്ചയായി മൂന്നു തവണ സംസ്ഥാന കലോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ഈ കഥ സംസ്‌കൃതത്തിൽ തർജമ ചെയ്താണ് മകൾ ചമ്പുപ്രഭാഷണത്തിൽ അവതരിപ്പിക്കുന്നത്. 2016ൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ജില്ലാ തലത്തിൽ യു.പി വിഭാഗം സംസ്‌കൃത പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവും കഴിഞ്ഞ വർഷം കഥാപ്രസംഗത്തിനും ചമ്പുപ്രഭാഷണത്തിനും എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടിയിരുന്നു. വിധിയിൽ അപാകതകൾ ആരോപിച്ച് പ്രതിഷേധ സൂചകമായി ലക്ഷ്മിഇത്തവണ കഥാപ്രസംഗ വിഭാഗത്തിൽ മത്സരിക്കുന്നില്ല.