കൊച്ചി: ശ്വാസകോശ വിദഗ്ദ്ധരുടെ ദേശീയ സമ്മേളനം ഈമാസം 21 മുതൽ 24 വരെ കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിൽ നടക്കും.
വ്യാഴാഴ്ച വൈകിട്ട് 5.30 ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷനാവും.
ഡോ. സുധീർ ചൗധരി, ഡോ. സൂര്യകാന്ത് ത്രിപാഠി, ഡോ. രാജേഷ് സ്വർണകർ, ഡോ. എസ്. എൻ ഗൗർ, ഡോ.സി. രവീന്ദ്രൻ, ഡോ.രാജേഷ് വി എന്നിവർ പ്രസംഗിക്കും.
ശ്വാസകോശം, നെഞ്ച് എന്നിവയുടെ രോഗാവസ്ഥകൾ, ശ്വസന ആരോഗ്യം, വായുവിന്റെ ഗുണനിലവാരം, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവ സമ്മേളനം ചർച്ച ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാനും കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ.സി. രവീന്ദ്രൻ പറഞ്ഞു.
അന്തരീക്ഷ മലിനീകരണം, ആരോഗ്യ പ്രശ്‌നങ്ങൾ, പ്രതിരോധം എന്നീ വിഷയങ്ങളിൽ പൊതുജനപങ്കാളിത്തത്തോടെ ചർച്ചകൾ ഒന്നാം ദിവസം നടക്കും. ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ മിർ മുഹമ്മദ് അലി പൊതു ചർച്ച ഉദ്ഘാടനം ചെയ്യും. അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് പ്രത്യേക പാനൽ ചർച്ച വെള്ളിയാഴ്ച നടക്കും.
ഇന്ത്യൻ ചെസ്റ്റ് സൊസൈറ്റിയുടെ കേരള ഘടകം, അക്കാഡമി ഒഫ് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ, കൊച്ചി തോറാസിക് സൊസൈറ്റി എന്നിവയാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
സംഘാടക സമിതി സെക്രട്ടറി ഡോ.രാജേഷ് വി., ഡോ. സണ്ണി ഓരത്തേൽ, ഡോ.എ.ആർ. പരമേശ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.