kavya
കാവ്യ, കാർത്തിക

പെരുമ്പാവൂർ: തായ്മൊഴി തമിഴിന്റെ പെരുമ പെരുമ്പാവൂരിൽ അരക്കിട്ട് ഉറപ്പിച്ചു വാത്തുരുത്തിക്കാരായ ബി. കാവ്യയും സഹോദരി കാർത്തികയും. ഹൈസ്കൂൾ വിഭാഗം തമിഴ് പദ്യം ചൊല്ലലിൽ ഒന്നാംസ്ഥാനം കാവ്യയും യു.പി വിഭാഗത്തിൽ രണ്ടാം സ്ഥാനംകാർത്തികയും നേടി.
ദിണ്ടിഗലിൽ നിന്നും അരനൂറ്റാണ്ട് മുമ്പാണ് കാവ്യയുടെ പിതാവ് ബാലമുരുകന്റെ മാതാപിതാക്കൾ കേരളത്തിലെ തമിഴ്ഗ്രാമമെന്ന് പേരെടുത്ത കൊച്ചിയിലെ വാത്തുരുത്തിയിലെത്തുന്നത്. തമിഴാണ് തങ്ങളുടെ മാതൃഭാഷയെന്നും അതാണ് അവന്റെ ജീവനെന്നും വാഴ്ത്തിപ്പാടുന്ന കവിഞ്ചർ ഇളവൈയുടെ 'തമിഴ്‌താൻ എങ്ക്ൾ തായ്‌മൊഴി', 'തമിഴനക്ക് ഇതുവെ ഉയിർമൊഴി' എന്ന വരികൾക്ക് ശബ്ദം നൽകിയാണ് കാവ്യ ഒന്നാമതെത്തിയത്. സുബ്രഹ്മണ്യ ഭാരതി എഴുതിയ 'നെഞ്ചം പൊറുക്കതില്ലൈ ഇന്ത നിലൈകെട്ട മനിതറൈ നിനൈന്ത വിട്ടാൽ' എന്ന ഗാനമാണ് കാർത്തിക പാടിയത്.
പെരുമാനൂർ സെന്റ് തോമസ് ജി.എച്ച്.എസിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ് കാവ്യ. കാർത്തിക ഇതേ സ്‌കൂളിൽ ഏഴാം ക്ലാസിലും. അദ്ധ്യാപിക ജ്യോതിയാണ് ഇരുവരുടെയും സംഗീത വഴിയിലെ ഗുരു. കോൺക്രീറ്റ് മിക്‌സിംഗ് മെഷീൻ ഓപ്പറേറ്ററാണ് അച്ഛൻ ബാലമുരുകൻ. അമ്മ ജയറാണി.