കൊച്ചി : രാജസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ച ബി.എസ്.എഫ് ജവാൻ പിറവം കക്കാട് കെെപ്പട്ടൂർ ബിനോയ് എബ്രഹാമിന്റെ മൃതദേഹത്തോട് പിറവം വലിയ പള്ളിയിൽ ഓർത്തഡോക്സ് വിഭാഗംഅനാദരവ് കാണിച്ചെന്ന് ആരോപിച്ച് ഭാര്യ ഷിജി ബിനോയ് സംസ്ഥാന, ദേശീയ മനുഷ്യാവകാശ കമ്മീഷനുകൾക്ക് പരാതി നൽകി. മനുഷ്യാവകാശ കമ്മീഷൻ അടിയന്തിരമായി ഇടപെടണമെന്ന് പരാതിക്കൊപ്പം നൽകിയ കത്തിൽ യാക്കോബായ സഭ മെട്രോപൊളിറ്റൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് അഭ്യർത്ഥിച്ചു.
രാഷ്ട്രത്തിനുവേണ്ടി സേവനം അനുഷ്ഠിച്ച ധീരജവാന്റെ ഭാര്യയോടും കുടുംബാഗങ്ങളോടും ഓർത്തഡോക്സ് വിഭാഗവും പൊലീസും മനുഷ്യത്വരഹിതമായാണ് പെരുമാറിയതെന്ന് മെട്രോപൊളിറ്റൻ ട്രസ്റ്റിപറയുന്നു.. പൂർവ്വപിതാക്കന്മാർ അന്ത്യ വിശ്രമം കൊള്ളുന്ന സെമിത്തേരിയിൽസംസ്കാരം നടത്താൻ ഓർത്തഡോക്സ് വിഭാഗം അനുവദിച്ചില്ല. ഒരു പട്ടാളക്കാരന് ലഭിക്കേണ്ട പൂർണ ഔദ്യോഗികബഹുമതികളും ആദരവും നിഷേധിക്കപ്പെട്ടു. യാക്കോബായ സമുദായംഗമായത് കൊണ്ട് മാത്രമാണ് ഇങ്ങനെ സംഭവിച്ചത്.
ശവസംസ്കാര ചടങ്ങുകളിൽ ബന്ധുമിത്രാദികളുടെ ആത്മീയവകാശങ്ങളെ ഭരണാധികാരം ഉപയോഗിച്ച തടയുന്നത് സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള വിധിയുടെ ലംഘനവും എെ.പി.സി സെക്ഷൻ 297 പ്രകാരം ക്രിമിനൽ കുറ്റവുമാണെന്ന് ജോസഫ് മാർ ഗ്രിഗോറിയോസ് പരാതിയിൽ പറഞ്ഞു.