മുംബയ്: നോട്ട് പിൻവലിക്കൽ നടന്ന് മൂന്ന് വർഷമാകുമ്പോഴും വിചാരിച്ചത്ര കറൻസി രഹിത ഡിജിറ്റൽ ഇടപാടുകൾ രാജ്യത്ത് ആയിട്ടില്ലെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട്.
സാവകാശമാണെങ്കിലും ഡിജിറ്റൽ ഇടപാടുകൾക്ക് സ്വാധീനം ഏറിവരുന്നുണ്ട്. പ്രധാന സ്ഥാപനങ്ങളെല്ലാം തന്നെ ശമ്പള വിതരണവും സർക്കാർ ആനുകൂല്യവിതരണവും ബാങ്ക് അക്കൗണ്ടിലേക്കാക്കിയത് ഈ നീക്കങ്ങൾ ശക്തിപ്പെടുത്തി.
ഇന്ത്യൻ സാഹചര്യങ്ങളിൽ പണമിടപാടുകളുടെ സ്വാധീനം എളുപ്പം ഒഴിവാക്കാനാവുന്നതല്ല. ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങളുടെ അപര്യാപ്തത നിലനിൽക്കുന്ന അവികസിതമായ സ്വഭാവം തന്നെയാണ് കാരണം.
ഇന്ത്യൻ ഉപഭോക്താക്കളെ ഡിജിറ്റൽ പേമെന്റ് രീതിയിലേക്ക് കൊണ്ടുവന്നെങ്കിലേ ഈ ലക്ഷ്യം കൈവരിക്കാനാകൂ. അസംഘടിത മേഖല കൊടുക്കൽ വാങ്ങലുകൾക്ക് ഇപ്പോഴും
പണത്തെയാണ് ആശ്രയിക്കുന്നത്.
മൈക്രോ ഫിനാൻസ് സംഘങ്ങളെപ്പോലെ മാസത്തിൽ ഒന്നോ രണ്ടോ ഇടപാടുകൾ നടക്കുന്ന അക്കൗണ്ടുകളിലും ഡിജിറ്റൽ പേമെന്റിനോട് വിമുഖതയുണ്ട്.
ജൻധൻ അക്കൗണ്ടുകളിലൂടെ ഡെബിറ്റ് കാർഡുകൾ വിപുലമായി ഉപയോഗിക്കാത്തതും പ്രശ്നമാണ്. നല്ലൊരു ശതമാനം ജൻധൻ അക്കൗണ്ടുകൾ ഉപയോഗിക്കാതെയും പോകുന്നു. 2017ൽ ജൻധൻ അക്കൗണ്ടുകളിൽ 19.9% ഓപ്പറേഷനൊന്നും നടക്കാതെ പോയെങ്കിൽ 2018ൽ ആ സംഖ്യ 23.3% ആയി ഉയർന്നു.