കൊച്ചി: തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ലേബർ രജിസ്ട്രേഷൻ ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കമായി. കേരള ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങളെ രജിസ്റ്റർ ചെയ്യിക്കുന്നതിനും രജിസ്റ്റർ ചെയ്തവ പുതുക്കുന്നതിനുമാണ് ക്യാമ്പ്. വിവിധ വ്യാപാരി വ്യവസായി സംഘടനകളുടെ സഹകരണത്തോടെ നടക്കുന്ന ക്യാമ്പിൽ പുതുതായി 602 രജിസ്ട്രേഷനും പുതുക്കലിനായി 8546 രജിസ്ട്രേഷനും നടന്നു. അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെ നേതൃത്വം നൽകുന്നു. ഈ മാസം 30 വരെയാണ് കാലാവധി. ഇതിനുള്ളിൽ രജിസ്ട്രേഷൻ എടുക്കാത്തവർക്കും പുതുക്കാത്തവർക്കും ഡിസംബർ ഒന്നു മുതൽ പിഴയോടെയേ ഈ സൗകര്യം ലഭിക്കുകയുള്ളൂ. വ്യാപാരികൾ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.