കൊച്ചി : ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. നാലു വയസിന് മുകളിലുള്ളവരെല്ലാം ഹെൽമറ്റ് നിർബന്ധമായും ധരിക്കണമെന്ന കേന്ദ്ര മോട്ടോർ വാഹനനിയമ ഭേദഗതി ഉടൻ നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.
എത്രയും വേഗം സർക്കുലർ ഇറക്കണം. ഇക്കാര്യം വ്യക്തമാക്കി പത്രങ്ങളിലും ചാനലുകളിലും തിയേറ്ററുകളിലും പരസ്യം നൽകുന്നത് പരിഗണിക്കണമെന്നും നിർദ്ദേശിച്ചു. ഇതു ഡിസംബറോടെ നടപ്പാക്കാനാവുമെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. പിൻസീറ്റ് യാത്രക്കാരും ഹെൽമറ്റ് ധരിക്കണമെന്ന കേന്ദ്ര നിയമത്തിലെ വ്യവസ്ഥയിൽ ഇളവു അനുവദിച്ച് സംസ്ഥാനം 2003ൽ കൊണ്ടുവന്ന നിയമ ഭേദഗതി നേരത്തേ സിംഗിൾബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലും സിംഗിൾബെഞ്ചിൽ ജോർജ് ജോൺ എന്ന വ്യക്തി നൽകിയ ഹർജിയും വാദം കേട്ടാണ് ഡിവിഷൻബെഞ്ച് വിധി പറഞ്ഞത്.
കേന്ദ്ര നിയമം പാലിച്ചേ പറ്റൂ
ഭേദഗതിക്ക് മുമ്പ് നിലവിലുണ്ടായിരുന്ന കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ 129 -ാം വകുപ്പിൽ ഹെൽമറ്റ് ധരിക്കണമെന്ന വ്യവസ്ഥയിൽ ഇളവു നൽകാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിന് ഈ അധികാരം നീക്കിയ കേന്ദ്ര സർക്കാർ ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണമെന്ന ഭേദഗതി കൊണ്ടുവന്നു. പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് ധരിക്കുന്നതിൽ ഇളവു നൽകാൻ സംസ്ഥാനത്തിന് ഇനി കഴിയില്ലെന്നും കേന്ദ്രനിയമം നടപ്പാക്കാൻ ബാദ്ധ്യതയുണ്ടെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി. കൂടുതൽ സമയം അനുവദിക്കാനാവില്ലെന്നും കോടതിയലക്ഷ്യ നടപടിക്ക് ഇടയാക്കുന്നതൊന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും മുന്നറിയിപ്പും നൽകി.