കൊച്ചി : ശബരിമലയിൽ മണ്ഡല, മകരവിളക്ക് സീസണിൽ ഭക്തരുമായെത്തുന്ന 15 സീറ്റുകൾ വരെയുള്ള വാഹനങ്ങൾക്ക് പമ്പയിലേക്ക് പ്രവേശിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ത്രീ വീലറുകൾക്കും ഇതു ബാധകമാണ്. എന്നാൽ ഇരുചക്ര വാഹനങ്ങൾ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കടത്തിവിടരുതെന്നും ദേവസ്വം ബെഞ്ചിന്റെ വിധിയിൽ പറയുന്നു. അയ്യപ്പഭക്തരുമായെത്തുന്ന ചെറുവാഹനങ്ങളെ പമ്പയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ പി. പ്രസന്നകുമാർ നൽകിയ ഹർജിയിലാണ് ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം.
പമ്പയിൽ ഭക്തരെ ഇറക്കി ഇൗ വാഹനങ്ങൾ നിലയ്ക്കലിലേക്ക് പോയി പാർക്ക് ചെയ്യണം. ദർശനം കഴിഞ്ഞ് ഭക്തർ പമ്പയിൽ മടങ്ങിയെത്തുമ്പോൾ അവിടെയെത്തി ഇവരെക്കൂട്ടി മടങ്ങാം. പമ്പയിലോ, പമ്പ - നിലയ്ക്കൽ റോഡരികിലോ പാർക്കിംഗ് അനുവദിക്കരുത്. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണം.
നേരത്തേ ഹർജി പരിഗണിച്ചപ്പോൾ പമ്പയിലേക്ക് ചെറു വാഹനങ്ങൾ പ്രവേശിക്കാൻ അനുവദിക്കരുതെന്ന നിലപാടായിരുന്നു പൊലീസ് സ്വീകരിച്ചത്. എന്നാൽ ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് അറിയിക്കാൻ ഹൈക്കോടതി കഴിഞ്ഞദിവസം നിർദ്ദേശിച്ചു. തുടർന്ന് ചെറു വാഹനങ്ങൾക്ക് പമ്പയിൽ പ്രവേശനം അനുവദിക്കാനാവുമെന്ന് സർക്കാർ വിശദീകരിച്ചു. ഇതുകൂടി കണക്കിലെടുത്താണ് വിധി പറഞ്ഞത്.