കോലഞ്ചേരി: തദ്ദേശ വകുപ്പിന്റെ അനുമതിയില്ലാതെ കുഴൽ കിണറടിച്ചാൽ നടപടി എടുക്കണമെന്ന് ഭൂജല വകുപ്പ് നിർദ്ദേശം നൽകി. അനധികൃതമായി കുഴൽ കിണറടിക്കുന്നവർക്കെതിരെ കേസെടുക്കാനും നിർദ്ദേശം. ഉപയോഗശൂന്യമായതും ഉപേക്ഷിക്കപ്പെട്ടതുമായ കുഴൽക്കിണറുകൾ അതത് തദ്ദേശസ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥർ പരിശോധിച്ച് സുപ്രീം കോടതി സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് മൂടി ഭൂജല വകുപ്പിന്റെ ജില്ലാ ഓഫീസുകളെ അറിയിക്കണമെന്നും നിർദ്ദേശത്തിലുണ്ട്. കുഴൽക്കിണർ നിർമിക്കുന്നതിന് ഭൂജലവകുപ്പിന്റെ അംഗീകാരത്തോടെ തദ്ദേശസ്ഥാപനങ്ങളാണ് പെർമി​റ്റ് നൽകുന്നത്.

നിയമനടപടി

●നിയമപരമായി കുഴൽക്കിണർ നിർമിക്കുമ്പോൾ ഉടമസ്ഥൻ 15 ദിവസം മുമ്പ് തദ്ദേശസ്ഥാപനത്തിലെ ബന്ധപ്പെട്ട അധികാരികളെ രേഖാമൂലം അറിയിക്കണം

●അനധികൃതമായും, അശാസത്രീയമായും കുഴൽക്കിണറുകൾ നിർമിക്കുന്നത് തദ്ദേശസ്ഥാപനങ്ങൾ തടയണം

●നിർമാണത്തിനിടെ ഉപേക്ഷിക്കപ്പെടുന്ന കുഴൽക്കിണറുകൾ സംബന്ധിച്ച് കർശനനടപടി വേണം

●ഉപയോഗശൂന്യമായതും ഉപേക്ഷിക്കപ്പെട്ടതുമായ സ്വകാര്യ,പൊതു കുഴൽക്കിണറുകൾ നിലവിലുണ്ടെങ്കിൽ സുരക്ഷിതത്വം ഉറപ്പാക്കണം

സുരക്ഷാ നടപടികൾ

●കിണർ നിർമിക്കുന്നതിന് ചു​റ്റുമായി മുള്ളുവേലിയോ, മ​റ്റേതെങ്കിലും വേർതിരിവോ ചെയ്യണം.

●കിണറിന്റെ കേസിങ്ങിന് ചു​റ്റുമായി സിമന്റ്, കോൺക്രീ​റ്റ് നിർമിത പ്ലാ​റ്റ്‌ഫോം നിർമിക്കണം.

●പമ്പിന് അ​റ്റകു​റ്റപ്പണി ചെയ്യുമ്പോൾ കിണർ മൂടി സംരക്ഷിക്കണം

●കുഴൽക്കിണർ ഉപേക്ഷിക്കപ്പെടുകയാണെങ്കിൽ അത് വൃത്തിയായി മൂടിയിട്ടുണ്ടെന്ന് ഭൂജല, പൊതു ആരോഗ്യ,മുനിസിപ്പൽ കോർപ്പറേഷൻ,പഞ്ചായത്ത്എന്നിവ സർട്ടിഫിക്ക​റ്റ് നൽകണം. ഇതുസംബന്ധിച്ച വിവരം ജില്ലാ കളക്ടറോ ബി.ഡി.ഒയോ സൂക്ഷിക്കും.


മുൻകരുതലുകൾ


●കുട്ടികൾ തുറന്നുകിടക്കുന്ന ഏതെങ്കിലും കുഴൽക്കിണറുകളിൽ വീണാൽ കിണറിന് ചു​റ്റും ജനങ്ങൾ തടിച്ചുകൂടി രക്ഷാപ്രവർത്തനം തടസപ്പെടാതിരിക്കാൻ സുരക്ഷിതവേലി സ്ഥാപിക്കണം.

●കയറിന്റെയോ ചരടിന്റെയോ സഹായത്തോടെ കിണ​റ്റിൽ അകപ്പെട്ട കുട്ടിയെ വീണ്ടും താഴോട്ടുപോകാത്തവിധം സുരക്ഷിതമായി ഉറപ്പിച്ചുനിർത്തണം.

●പൈപ്പിന്റെ സഹായത്തോടെ കുഴൽക്കിണറിൽ ഓക്‌സിജൻ എത്തിക്കണം.

●ദേശീയ ദുരന്ത നിവാരണ സേനയെ അടിയന്തരമായി വിവരം അറിയിക്കണം.

●കുഴൽകിണറിൽ അകപ്പെട്ട കുട്ടിയോട് ബന്ധുക്കളും രക്ഷിതാക്കളും തുടർച്ചയായി സംസാരിച്ച് കുട്ടിയുടെ മനോബലം വർദ്ധിപ്പിക്കാൻ ശ്രമിക്കണം.