വൈക്കം: ദക്ഷിണകാശിയിൽ ഇന്ന് അഷ്ടമി. ശ്രീപരമേശ്വരൻ ഭക്തശ്രേഷ്ഠനായ വ്യാഘ്രപാദ മഹർഷിക്ക് ദിവ്യദർശനം നൽകിയ പുണ്യദിനം. മഹാദേവരുടെ അഷ്ടമി ആട്ടവിശേഷത്തിലലിഞ്ഞ് മഹാദേവക്ഷേത്രത്തിന്റെ നാല് ഗോപുരനടകൾ ലക്ഷ്യമാക്കി നാടിന്റെ നാനാഭാഗത്ത് നിന്നും ഇന്ന് ഒഴുകിയെത്തുന്നത് ആയിരങ്ങൾ. അഷ്ടമി തൊഴുത് കഴിയുമ്പോൾ ഭഗവാന്റെ ഇഷ്ട വഴിപാടായ പ്രാതലിന് തുടക്കമാകും.

അഷ്ടമിവിളക്ക്

താന്ത്രിക വിധികളിലെ കണിശത പുലർത്തുമ്പോഴും ജീവിതഗന്ധിയായ മുഹൂർത്തങ്ങൾ നിറഞ്ഞതാണ് അഷ്ടമിയുടെ ചടങ്ങുകൾ. അതിൽ പ്രധാനമാണ് അഷ്ടമിനാൾ രാത്രിയിലെ അഷ്ടമിവിളക്ക്. വൈക്കം മഹാദേവ ക്ഷേത്രത്തിലേയും ഉദയനാപുരം ക്ഷേത്രത്തിലെയും പുറമെ മൂത്തേടത്ത് കാവ്, കൂടുമ്മേൽ, ശ്രീനാരായണപുരം, തൃണയംകുടം, ഇണ്ടംതുരുത്തി, പുഴവായി കുളങ്ങര, കിഴക്കുംകാവ് എന്നീ ക്ഷേത്രങ്ങളിലെ ദേവീദേവന്മാരും അഷ്ടമി വിളക്കിനെത്തും.
രാത്രി പത്തുമണിയോടെ വൈക്കത്തപ്പൻ കിഴക്കേ ആനപ്പന്തലിലേക്ക് എഴുന്നള്ളും. താരകാസുര നിഗ്രഹത്തിന് പോയ പുത്രനും ദേവസേനാപതിയുമായ ഉദയനാപുരത്തപ്പന്റെ വരവ് പ്രതീക്ഷിച്ച് കൊടിമരച്ചുവട്ടിൽ പഷ്ണിയുമായി നിൽക്കുന്നതോടെ അഷ്ടമിവിളക്കിന്റെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ഭഗവാന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കും. വൈക്കത്തപ്പൻ കിഴക്കേ ഗോപുരനടയിലെ വ്യാഘ്രപാദസങ്കേതത്തിൽ എത്തി വാദ്യമേളങ്ങൾ ഒഴിവാക്കി പുത്രനെ കാത്ത് ആകുലചിത്തനായി നിൽക്കും. ആ സമയം താരകാസുരനേയും ശൂരപത്മനേയും നിഗ്രഹിച്ച് വിജയഭേരിയോടെ ഉദയനാപുരത്തപ്പൻ വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. കൂട്ടുമ്മേൽ ഭഗവതി, ശ്രീനാരായണപുരം ദേവൻ എന്നിവരോടൊപ്പം വരുന്ന ഉദയനാപുരത്തപ്പനെ വലിയകവല, കൊച്ചാലുംചുവട്, വടക്കേനട എന്നിവിടങ്ങളിൽ അലങ്കാരപ്പന്തൽ ഒരുക്കി നിറദീപങ്ങൾ തെളിച്ച് നിറപറ ഒരുക്കിയാണ് വരവേല്പ് നൽകുക.
മൂത്തേടത്ത് കാവ്, ഇണ്ടംതുരുത്തിൽ ഭഗവതി എന്നിവർക്ക് തെക്കേനടയിലെ അലങ്കാര പന്തലിൽ നിലവിളക്കും നിറപറയും ഒരുക്കി വരവേല്പ് നൽകും.
ഉദയനാപുരത്തപ്പൻ ഉൾപ്പടെയുള്ള ദേവീ ദേവൻമാർ നാലമ്പലത്തിന്റെ വടക്കുപുറത്തു് സംഗമിച്ച് വൈക്കത്തപ്പന്റെ സന്നിധിയിലേക്ക് എഴുന്നള്ളും. വൈക്കത്തപ്പൻ തന്റെ സ്ഥാനം മകന് നൽകി ആദരിക്കും. ദേവി -ദേവൻമാർ അവരവരടുടെ സ്ഥാനങ്ങളിൽ എഴുന്നള്ളി നിൽക്കും.

വലിയ കാണിക്ക

അവകാശിയായ കറുകയിൽ കുടുംബത്തിലെ കാരണവർ വാദ്യമേളങ്ങളോടെ പല്ലക്കിലെത്തി കാണിക്കയർപ്പിക്കും. തുടർന്ന് ഭക്തരും.

ദു:ഖം, ദുഖകണ്ഠാരരാഗം

വലിയകാണിക്ക കഴിഞ്ഞ് ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം വച്ച് ദേവി ദേവൻമാരും അവസാനം ഉദയനാപുരത്തപ്പനും വൈക്കത്തപ്പനോട് യാത്ര ചോദിച്ച് പിരിയും. അച്ഛനും മകനും വിടപറയുന്ന രംഗം ഭക്തജനങ്ങളെയും ദു:ഖത്തിലാഴ്ത്തും.
വടക്കേ ഗോപുരം ഇറങ്ങിപ്പോകുന്ന മകനെ നോക്കി വൈക്കത്തപ്പൻ കുറച്ച് സമയം നിൽക്കും. ആ സമയം ക്ഷേത്രപരിസരം ശോകമൂകമാകും. ദു:ഖകണ്ഠാര രാഗമാണ് ഈ സമയം നാദസ്വരത്തിലുടെ ഒഴുകുക. തുടർന്ന് വൈക്കത്തപ്പൻ സാവാധനം ശ്രീകോവിലിലേക്ക് എഴുന്നള്ളുന്നതോടെ അഷ്ടമിവിളക്കിന് സമാപനമാകും.