# മുഖ്യപ്രതികൾക്കായി പൊലീസ് തമിഴ്നാട്ടിൽ
# പിടിയിലായവർ റിമാൻഡിൽ
നെടുമ്പാശേരി: അത്താണിയിൽ നടുറോഡിൽ ഗുണ്ടാസംഘത്തലവൻ നെടുമ്പാശേരി തുരുത്തിശേരി വല്ലത്തുകാരൻ ബിനോയിയെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. നെടുമ്പാശേരി മേക്കാട് സെന്റ് മേരീസ് പള്ളിക്ക് സമീപം നമ്പ്യാരത്ത് പാറയിൽ വെള്ള എന്ന് വിളിക്കുന്ന എൽദോ ഏലിയാസ് (29) ആണ് ഇന്നലെ അറസ്റ്റിലായത്.
എൽദോയെയും തിങ്കളാഴ്ച അറസ്റ്റിലായ അഞ്ചുപേരെയും ഇന്നലെ കോടതി റിമാൻഡ് ചെയ്തു. ആലുവ കോടതി മജിസ്ട്രേറ്റ് അവധിയായതിനാൽ കളമശേരി മജിസ്ട്രേറ്റിന്റെ വസതിയിലാണ് പ്രതികളെ ഹാജരാക്കിയത്. നാലുമുതൽ എട്ടുവരെ പ്രതികളായ മേക്കാട് മാളിയേക്കൽ അഖിൽ (25), നിഖിൽ (22), മേക്കാട് മാളിയേക്കൽ അരുൺ (22), പൊയ്ക്കാട്ടുശേരി വേണാട്ടുപറമ്പിൽ ജസ്റ്റിൻ (28), കാരക്കാട്ടുകുന്ന് കിഴക്കേപ്പാട്ട് ജിജീഷ് (38) എന്നിവരാണ് തിങ്കളാഴ്ച പിടിയിലായത്. ഇവർക്കൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്തയാളാണ് ഏൽദോയും.
കേസിലെ ഒന്നാം പ്രതി തുരുത്തിശേരി സ്വദേശി വിനു വിക്രമൻ, രണ്ടാം പ്രതി ലാൽ കിച്ചു, മൂന്നാം പ്രതി ഗ്രിൻഡേഴ്‌സ് എന്നിവരെ പിടികൂടാൻ പൊലീസ് തമിഴ്നാട്ടിലേക്ക് തിരിച്ചു. തമിഴ്നാട്ടിൽ മൂന്ന് സ്ക്വാഡുകളായിട്ടാണ് തെരച്ചിൽ നടത്തുന്നത്. പ്രതികളെല്ലാവരും സ്ഥിരം ഉപയോഗിക്കുന്ന മൊബൈൽഫോൺ ഓഫാണ്. ഇവരുടെ രഹസ്യ നമ്പറുകൾ ശേഖരിച്ചാണ് പൊലീസ് പ്രതികളെ പിന്തുടരുന്നത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.
കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം ബിനോയിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. നെടുമ്പാശേരി പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
# തർക്കം ഗുണ്ടാപ്പിരിവിന്റെ പേരിൽ
നെടുമ്പാശേരി: അത്താണിയിലെ ചില കച്ചവട സ്ഥാപനങ്ങളിൽ നിന്ന് ഗുണ്ടാപ്പിരിവ് നടത്തിയതിന്റെ പേരിലുള്ള തർക്കമാണ് അത്താണിയിൽ ഗുണ്ടാസംഘത്തലവന്റെ കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലപ്പെട്ട ബിനോയി രൂപീകരിച്ച അത്താണി ബോയ്‌സ് എന്ന സംഘടനയിലെ അംഗങ്ങളായിരുന്നു മുഖ്യപ്രതി വിനു വിക്രമനും സംഘവും.
അടുത്തിടെ വിനുവും സംഘവും ബിനോയിയുമായി തെറ്റി ഗ്രൂപ്പ് വിട്ടു. എന്നാൽ അത്താണി ബോയ്‌സ് തങ്ങളാണെന്ന നിലപാടാണ് വിനു സ്വീകരിച്ചത്. മാത്രമല്ല നേരത്തെ ബിനോയിക്കും സംഘത്തിനും ഗുണ്ടാപിരിവ് നൽകിയിരുന്നവർ വിനുവിന്റെ സംഘത്തിന് പണം നൽകേണ്ട സ്ഥിതിയായി. ഇതോടെ വൈരാഗ്യം രൂക്ഷമായി. അടുത്തിടെ ബിനോയിയുടെ സംഘം ചില കടകളിൽ പിരിവിനെത്തിയപ്പോൾ വിനുവിന്റെ സംഘം കൈപ്പറ്റിയെന്ന് മറുപടി ലഭിച്ചു. ഇതിന്റെ പേരിലാണ് വിനുവിന്റെ ഉറ്റ അനുയായികളായ അഖിലിനെ ബിനോയിയുടെ കൂട്ടാളികൾ മർദ്ദിച്ചത്.
ബിനോയിയുടെ നിർദ്ദേശപ്രകാരമാണ് മർദ്ദനമെന്ന നിലയിലാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് അന്വേഷണ ചുമതലയുള്ള ആലുവ വെസ്റ്റ് (ആലങ്ങാട്) സി.ഐ പി.വി. വിനേഷ്‌കുമാർ പറഞ്ഞു.
# പിതാവ് പാലിയേറ്റീവ് കെയറിൽ
വീട്ടിൽ മക്കളുടെ കൊലപാതക ആസൂത്രണം
നെടുമ്പാശേരി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് പിതാവ് തുരുത്തിശേരിയിലെ പാലിയേറ്റീവ് കെയറിൽ കിടക്കുമ്പോഴാണ് മക്കൾ വീട്ടിൽ കൊലപാതകം ആസൂത്രണം ചെയ്തത്. കേസിലെ നാലും അഞ്ചും പ്രതികളായ മേക്കാട് മാളിയേക്കൽ അഖിലും നിഖിലും സഹോദരന്മാരാണ്. ഇവരുടെ പിതാവ് രാജൻ കഴിഞ്ഞ ഒക്ടോബർ ഒന്നിന് ദേശീയപാതയിൽ വച്ച് വാഹനമിടിച്ച് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു. ബോധരഹിതനായ ഇയാൾ ആശുപത്രി വാസത്തിന് ശേഷം ഇപ്പോൾ സൗജന്യ പാലിയേറ്റീവ് കെയറിലെ പരിചരണത്തിലാണ്. റോഡിൽ മറന്നുവച്ച സൈക്കിൾ എടുക്കാൻ പോകുമ്പോഴാണ് രാജനെ വാഹനം ഇടിച്ചുവീഴ്ത്തിയത്. വാഹനം നിർത്താതെ പോകുകയും ചെയ്തു. പിതാവ് വീട്ടിലില്ലാത്ത സൗകര്യം കൂടി മുതലെടുത്താണ് അഖിലിന്റെ നേതൃത്വത്തിൽ തമ്പടിച്ച് കൊലപാതകം ആസൂത്രണം ചെയ്തത്. അഖിലും നിരവധി കേസുകളിൽ പ്രതിയാണ്. ഇവരുടെ പിതൃസഹോദരന്റെ മകൻ അരുൺ ആറാം പ്രതിയാണ്.