കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടിയെടുത്ത ഹൈക്കോടതിക്കെതിരെ മോശമായ ഭാഷയിൽ പ്രസ്താവന നടത്തിയ നഗരസഭാ കൗൺസിലർക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി പനമ്പിള്ളി നഗർ സ്വദേശിനി പത്മജ. എസ്. മേനോൻ അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നൽകി. നഗരസഭയിലെ 57-ാം വാർഡ് കൗൺസിലറും കേരളാ കോൺഗ്രസ് എം നേതാവുമായ ജോൺസൺ മാഷ് എന്ന പി.ജെ. ജോസഫിനെതിരെയാണ് അപേക്ഷ നൽകിയിട്ടുള്ളത്. വെള്ളക്കെട്ടിനെക്കുറിച്ചുള്ള പ്രദേശവാസിയുടെ ചോദ്യങ്ങളോടു പ്രതികരിക്കുന്നതിനിടെയാണ് കൗൺസിലർ ഹൈക്കോടതി സിംഗിൾബെഞ്ചിനെതിരെ മോശം പരാമർശങ്ങൾ നടത്തിയത്. ഇതുൾപ്പെടുന്ന വീഡിയോദൃശ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന്റെ സി.ഡിയും പദ്മജ. എസ്. മേനോൻ അഡ്വക്കേറ്റ് ജനറലിനു നൽകിയ അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.