പെരുമ്പാവൂർ: സ്കൂൾ കലോത്സവത്തിന്റെ ആദ്യദിനം താരമായത് കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻസ് സ്‌കൂൾ. ഇന്നലെ നടന്ന യു.പി, ഹൈസ്‌കൂൾ വിഭാഗം തിരുവാതിര, ഹൈസ്‌കൂൾ വിഭാഗം സംഘനൃത്തം മത്സരങ്ങളിൽസ്കൂൾ ഒന്നാമതെത്തി.. യു.പി വിഭാഗം തിരുവാതിരയിൽ ഹാട്രിക് വിജയം സ്വന്തമാക്കിയ സെന്റ് അഗസ്റ്റിൻസ് ടീം ഹൈസ്‌കൂൾ വിഭാഗത്തിൽ തുടർച്ചയായ നാലാം തവണയാണ് ജില്ലയിൽ ഒന്നാമതെത്തുന്നത്. ഒരു തവണ സംസ്ഥാന കലോത്സവത്തിലും സ്‌കൂൾ ടീം എ ഗ്രേഡ് നേടിയിരുന്നു. അന്ന മരിയ സാജന്റെ നേതൃത്വത്തിൽ ആര്യനന്ദ, മീഷ്മ മേരി, അനന്യ രാജ്, അഖില, അനീറ്റ, ആനറ്റ്, ആര്യ, പവിത്ര, അഞ്ജന എന്നിവരടങ്ങിയ ടീമാണ് ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാമൻമാരായത്. സ്‌നേഹ ജോൺസണാണ് യുപി വിഭാഗം ടീമിനെ നയിച്ചത്. യു.പി, ഹൈസ്‌കൂൾ വിഭാഗം തിരുവാതിര മത്സരങ്ങൾ ഹയർസെക്കൻഡറി വിഭാഗത്തേക്കാൾ മികച്ച നിലവാരം പുലർത്തിയെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. യു.പിയിൽ ആകെ പങ്കെടുത്ത എട്ടിൽ അഞ്ചു ടീമുകളും ഹൈസ്‌കൂളിൽ പത്തിൽ ഒമ്പത് ടീമുകളും എ ഗ്രേഡ് സ്വന്തമാക്കി.
അതേസമയം ഹൈസ്‌കൂൾ വിഭാഗം സംഘനൃത്തത്തിൽ മത്സരിച്ച എല്ലാ ടീമുകളും എ ഗ്രേഡ് നേടി. നൃത്ത ചുവടുകളിൽ പുതിയ ട്രെൻഡുകളുണ്ടായിരുന്നെങ്കിലും സംഘനൃത്ത വേദിയിലെ പ്രമേയങ്ങൾ പഴയത് തന്നെയായിരുന്നു. കള്ളിയങ്കാട്ടു നീലി, മുത്തപ്പൻ, നാഗം, ജലം, മുരുകൻ, കർണൻ എന്നിവയായിരുന്നു അവതരിപ്പിച്ചത്. ഒരു ടീമിന്റെ മത്സരത്തിനിടയിൽ സാങ്കേതിക പ്രശ്‌നം മൂലം ശബ്ദം തടസപ്പെട്ടത് ആശങ്ക സൃഷ്ടിച്ചു. ഇവർക്ക് വീണ്ടും അവസരം നൽകി .മത്സരിച്ച ഭൂരിഭാഗം ടീമുകളും നൃത്തത്തോടൊപ്പം അഭിനയവും കുട്ടിക്കലർത്തിയത് വിധികർത്താക്കളെ ചൊടിപ്പിച്ചു.