ആലുവ: നാലാമത് സംസ്ഥാന റോളർ നെറ്റഡ്‌ബാൾ ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ലയ്ക്ക് അഭിമാനമായി ജനസേവയിലെ കുട്ടികൾ. ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജനസേവയിലെ കുട്ടികൾ അണിനിരന്ന ടീമാണ് മിനി ബോയ്‌സ് വിഭാഗം ജേതാക്കളായത്. ടീം ക്യാപ്ടൻ സുധീഷ് അജയനു പുറമേ ശ്രീശാന്ത് ആർ., മഞ്ജൻ എ., സൂരജ് കണ്ണൻ എന്നിവരാണ് ജില്ലാ മിനിബോയ്‌സ് ടീമിനുവേണ്ടി ജനസേവയിൽ നിന്ന് ജേഴ്സിയണിഞ്ഞത്.
കോഴിക്കോടുമായി നടന്ന ഫൈനലിൽ 3-3 എന്ന സ്‌കോറിൽ സമനിലയിലായപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ശ്രീശാന്ത് നേടിയ രണ്ട് ഗോളുകളാണ് എറണാകുളം ജില്ലയ്ക്ക് വിജയം നേടിക്കൊടുത്തത്.
പിതാവിന്റെ മരണത്തെത്തുടർന്ന് ജീവിതം വഴിമുട്ടിയപ്പോൾ 2015ൽ അമ്മയാണ് സുധീഷിനെ ജനസേവയിെലത്തിച്ചത്. അന്നുമുതൽ ജനസേവയുടെ സംരക്ഷണയിലായ സുധീഷ് ഇപ്പോൾ മൂഴിക്കുളം സെന്റ് മേരീസ് സ്‌കൂളിൽ 5-ാം ക്ലാസിൽ പഠനം നടത്തുന്നു. ജനസേവയുടെ സംരക്ഷണയിൽ വർഷങ്ങളായി കഴിയുന്ന ജനസേവയിൽനിന്നുള്ള ടീമംഗങ്ങളായ മറ്റ് മൂന്നുപേരും മൂഴിക്കുളം സെന്റ് മേരീസ് സ്‌കൂളിൽതന്നെ പഠിക്കുന്നവരാണ്. സുധീഷിന്റെ സഹോദരൻ വിപിൻ അജയൻ ജാർക്കണ്ഡ് ടീമിനുവേണ്ടി സന്തോഷ്‌ട്രോഫി മത്സരങ്ങളിൽ കളിക്കാനിറങ്ങിയിട്ടുണ്ട്.