കോലഞ്ചേരി: ഇനി നിങ്ങൾ ഒ​റ്റയ്ക്കല്ല.. കൂടെ തണലായി ഞങ്ങളുണ്ട്. സമൂഹത്തിൽ ഒ​റ്റപ്പെട്ടവരെ കണ്ടെത്താനും അവരെ സഹായിക്കാനും ലക്ഷ്യമിട്ട് സ്‌നേഹിത കോളിംഗ് ബെൽ പദ്ധതി പ്രാവർത്തീകമായി. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ഒരു അയൽക്കൂട്ട പരിധിയിൽ ഒ​റ്റപ്പെട്ടു താമസിക്കുന്ന ആളുകളെ കണ്ടെത്തി അയൽക്കൂട്ട ആരോഗ്യദായക വോളൻഡിയറുടെ നേതൃത്വത്തിൽ അവർക്കാവശ്യമായ മാനസിക പിന്തുണ നൽകുന്ന എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നാളെ സംസ്ഥാന വാരാചരണം സമാപിക്കും. ഒറ്റപ്പെട്ട് താമസിക്കുന്ന ആളുകൾക്കെതിരെ കുറ്റ കൃത്യങ്ങൾ വർദ്ധിച്ചു വരുന്നതായ സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കിയത്. കൃത്യസമയത്തുള്ള ഇടപെടലിലൂടെ ഒഴിവാക്കാൻ കഴിയാവുന്ന ദുരന്തങ്ങൾ പലപ്പോഴും അവഗണനയുടെ പേരിൽ സമൂഹത്തിൽ തീരാമുറിവായി അവശേഷിക്കുന്ന സാഹചര്യത്തിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്‌നേഹിത കോളിംഗ് ബെൽ എന്ന പദ്ധതി ആവിഷ്‌ക്കരിച്ചത്.

പദ്ധതിയുടെ ലക്ഷ്യം

സമൂഹത്തിൽ പല കാരണങ്ങൾ കൊണ്ടും ഒ​റ്റപ്പെട്ടു താമസിക്കേണ്ടി വരുന്നവർക്ക് മാനസിക പിന്തുണ നൽകുന്നതോടൊപ്പം തന്നെ, തദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ വിവിധ വകുപ്പുകളുമായി ബന്ധിപ്പിച്ചു സേവനങ്ങൾ ഉറപ്പു വരുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.ഒ​റ്റപ്പെട്ട് താമസിക്കുന്നവരേയും മുതിർന്ന പൗരന്മാരേയും കണ്ടെത്തി അവർക്ക് വേണ്ട പിന്തുണ നൽകുന്ന പദ്ധതിയാണ് ഇത്.

എല്ലാ വിധത്തിലുള്ള സേവനങ്ങളും ലഭ്യം

വീട്, അടിസ്ഥാന സൗകര്യങ്ങൾ, വൈദ്യസഹായം, നിയമസഹായം, ഉപജീവനമാർഗങ്ങൾ, ആധാർ കാർഡ് തുടങ്ങിയ എല്ലാ വിധത്തിലുള്ള സേവനങ്ങളും ഈ പദ്ധതിയിലൂടെ ലഭ്യമാക്കും.