അങ്കമാലി : മിനി സിവിൽ സ്റ്റേഷന് സമീപം അങ്കമാലി മഞ്ഞപ്ര റോഡിലെ ഗതാഗതത്തിരക്ക് പരിഹരിക്കുവാൻ സിവിൽ സ്റ്റേഷന്റെ സ്ഥലം 2 മീറ്റർ വീതിയിൽ റോഡിനായി വിട്ടുനൽകാൻ തീരുമാനമായി. ഈ ഭാഗത്ത് റോഡിന് വീതി കുറവാണെന്നും അത് പരിഹരിക്കാൻ സിവിൽ സ്റ്റേഷന്റെ സ്ഥലം വിട്ടുനൽകണമെന്നും റോജി എം. ജോൺ എം.എൽ.എ എറണാകുളം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇത് അനുവദിച്ച സാഹചര്യത്തിൽ സിവിൽ സ്റ്റേഷന്റെ മതിൽ പൊളിച്ച് പണിയാനും സിവിൽ സ്റ്റേഷൻ പരിസരം ടൈൽ വിരിച്ച് നവീകരിക്കുന്നതിനുമുള്ള ജോലികൾ ആരംഭിച്ചതായും എം.എൽ.എ അറിയിച്ചു. സമാനമായ രീതിയിൽ എക്‌സൈസ് ഓഫീസിന്റെ സ്ഥലവും റോഡിന്റെ വീതികൂട്ടുന്നതിനായി വിട്ടുനൽകുവാൻ എക്‌സൈസ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.