മൂവാറ്റുപുഴ : മരടിൽ തീരപരിപാലനനിയമം ലംഘിച്ച് ഫ്ളാറ്റുകൾ നിർമ്മിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുൻ പഞ്ചായത്ത് യു.ഡി ക്ളാർക്ക് ജയറാം നായിക്ക് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കീഴടങ്ങി. അരൂർ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ജയറാം നായിക് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് ഇന്നലെ ഇയാൾ കോടതിയിൽ കീഴടങ്ങിയത്. ജയറാം നായിക്കിനെ ഡിസംബർ മൂന്നുവരെ കോടതി റിമാൻഡ് ചെയ്തു.
കേസിലെ മറ്റു പ്രതികളായ മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫ്, മുൻ സൂപ്രണ്ട് പി.ഇ. ജോസഫ്, ഹോളി ഫെയ്ത്ത് ഫ്ളാറ്റ് കമ്പനിയുടമ സാലി ഫ്രാൻസിസ്, ആൽഫ വെഞ്ച്വേഴ്സ് കമ്പനി ഡയറക്ടർ പോൾരാജ് എന്നിവരുടെ റിമാൻഡ് കാലാവധിയും ഡിസംബർ മൂന്നുവരെ നീട്ടി. അനധികൃതമായി ഫ്ളാറ്റ് നിർമ്മിച്ചു വില്പന നടത്തി പണം തട്ടിയെടുത്തെന്നാണ് കേസ്. മരട് നഗരസഭ പഞ്ചായത്ത് ആയിരിക്കെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് തട്ടിപ്പു നടത്തിയതെന്ന് കണ്ടെത്തിയ ക്രൈംബ്രാെഞ്ച് അന്വേഷണസംഘം കേസിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തി. തുടർന്നാണ് കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ പരിഗണനയ്ക്കെത്തിയത്.