മൂവാറ്റുപുഴ: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയോടുള്ള കേന്ദ്രത്തിന്റെ വിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ലോക്‌സഭയിൽ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. ഒന്നാം യു.പി.എ സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയും, ഇന്നേ വരെ രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമൂഹ്യക്ഷേമ പദ്ധതിയാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. കഴിഞ്ഞ ആറുമാസമായി കേരളത്തിൽ എല്ലാ ജില്ലകളിലും തൊഴിലുറപ്പ് പദ്ധതി വേതനം മുടങ്ങിയിരിക്കുകയാണ്. ഇടുക്കി ജില്ലയിൽ മാത്രം നിലവിൽ 2.06 ലക്ഷത്തിലധികം ആളുകൾ തൊഴിലുറപ്പ് ജോലികൾ ചെയ്ത് വരുന്നുണ്ട്. ജില്ലയിൽ ജൂലായ് മാസം മുതൽ 59 കോടി രൂപ തൊഴിലാളികൾക്ക് ലഭിക്കാനുണ്ട്. കേന്ദ്ര സർക്കാർ ഈ പ്രശ്‌നത്തിൽ ഗൗരവമായി ഇടപെടാത്തതുമൂലം സാമൂഹികമായും സാമ്പത്തികമായും ഏറെ പിന്നോക്കം നിൽക്കുന്നവർക്കും, ഗ്രാമീണ ജനതയും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വളരെയേറെ ബുദ്ധിമുട്ടുകയാണ്. വസ്തുത ഇതായിരിക്കെ ഈ പ്രശ്‌നത്തിൽ ഇടപെട്ട് തൊഴിലാളികൾക്ക് മുടങ്ങിക്കിടക്കുന്ന വേതനം അടിയന്തിരമായി വിതരണം ചെയ്യണമെന്ന് കേന്ദ്ര ഗ്രാമ വികസന വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറിനോട് ഡീൻ കുര്യാക്കോസ് എം.പി. ആവശ്യപ്പെട്ടു.