കൊച്ചി: പ്രളയബാധിതരായ വനിതാസംരംഭകർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എറണാകുളം ജില്ലാ വനിതാവിംഗ് ആവശ്യപ്പെട്ടു. കളമശേരി ടൗൺഹാളിൽ ചേർന്ന വാർഷിക കൗൺസിൽ യോഗം അംഗീകരിച്ച പ്രമേയത്തിലൂടെയാണ് ഈ ആവശ്യം സംസ്ഥാന സർക്കാരിനോട് ഉന്നയിച്ചത്. ജില്ലയുടെ വിവിധ യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൗൺസിലിന്റെ പൊതുയോഗം വനിതാവിംഗ് സംസ്ഥാന പ്രസിഡന്റ് സൗമിനി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുബൈദ നാസർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി ശാലീന വി. ജി. നായർ മുഖ്യാതിഥിയായി. ഭാരവാഹികളായി സുബൈദ നാസർ (പ്രസിഡന്റ്), സിനി റോയ് (ജനറൽ സെക്രട്ടറി), സുനിത വിനോദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.