പെരുമ്പാവൂർ: കലോത്സവ വേദിയിലെത്തുന്ന മത്സരാർത്ഥികളെയും അദ്ധ്യാപകരെയും അമ്പരിപ്പിക്കുകയാണ് കുട്ടികളുടെ കാന്റീൻ. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ. എസ്. എസ് യൂണിറ്റിലെ മുപ്പതോളം വിദ്യാർത്ഥിനികളാണ് നടത്തിപ്പുകാർ. കപ്പയും ചമ്മന്തിയുമാണ് പ്രധാന വിഭവം. സമൂസ, വട, നെയ്യപ്പം, വട്ടയപ്പം തുടങ്ങി ഉപ്പിലിട്ട നെല്ലിക്ക, പൈനാപ്പിൾ, കാരറ്റ്, ചായ, നാരങ്ങവെള്ളം, മിഠായി എന്നിങ്ങനെ വിശപ്പും ദാഹവുമടക്കാനുള്ളതെല്ലാം കാന്റീനിലുണ്ട്.

സഹപാഠികളുടെ വീടുകൾക്ക് അടച്ചുറപ്പേകാനും സ്കൂൾ എൻ. എസ്. എസ് യൂണിറ്റിന്റെ ദത്തുഗ്രാമമായ കടുവാൾ കോളനിവാസികൾക്ക് വീടൊരുക്കാനും പണം സ്വരൂപിക്കലാണ് ലക്ഷ്യം.

പ്രധാനവേദിയുടെ കവാടത്തിനടുത്തും സ്കൂളിനകത്തുമായി മൂന്ന് കാന്റീനുകളുണ്ട്. എൻ. എസ്. എസ് പ്രോഗ്രാം കോർഡിനേറ്റർ സ്മിത.കെ.കുര്യാക്കോസിനാണ് സാരഥ്യം. കുട്ടികളുടെ വീടുകളിൽ തയ്യാറാക്കുന്നതാണ് വിഭവങ്ങൾ. മിതമായ നിരക്കായതിനാൽ നല്ല തിരക്കുണ്ട് ഇവിടെ. ഒരുക്കി വച്ചതെല്ലാം ഉച്ചയോടെ തീർന്നു.

സ്കൂൾ കലോത്സവത്തിന് കാന്റീൻ ട്രയൽ വിജയകരമായതാണ് ജില്ലാ കലോത്സവത്തിന് ആത്മവിശ്വാസം നൽകിയത്. അന്ന് പാവപ്പെട്ട നാല് വിദ്യാർത്ഥികൾക്ക് കോഴിക്കൂടും കോഴികളെയും നൽകി സ്വയം വരുമാനം കണ്ടെത്താൻ സഹായിക്കുകയായിരുന്നെങ്കിൽ ഇത്തവണ ലക്ഷ്യം വലുതാണ്.