sajeevan-family-
പൊളിച്ചുമാറ്റിയ വീടിന്റെ ഭിത്തിക്കരിൽ സജീവനും കുടുംബവും

പറവൂർ : സർക്കാർ ഉദ്യോഗസ്ഥന്റെ ദുർവാശി​മൂലം പ്രളയബാധിതരായ നിർദ്ധന കുടുംബത്തിന് നഷ്ടമായത് കിടപ്പാടത്തി​നുള്ള അർഹമായ സഹായം . വടക്കേക്കര പഞ്ചായത്തിലെ കുഞ്ഞിത്തൈ പുഴക്കരേഴത്ത് സജീവിനും കുടുംബത്തിനുമുള്ളത്. 2018 ആഗസ്റ്റിലെ പ്രളയജലം പെരിയാറിന്റെ കൈവഴിയായ ചെറുപുഴയിൽ നിന്നും ഒഴുകി എത്തിയ വെള്ളം വീട്ടിലേക്ക് കയറിവരുമ്പോൾ വടക്കേക്കര പഞ്ചായത്തിലെ കുഞ്ഞിത്തൈ പുഴക്കരേഴത്ത് സജീവും കുടുംബവും ഒരിക്കലും കരുതിയല്ല വെള്ളപ്പാച്ചിൽ തന്റെ ജീവിതം തകർത്തെറിയുമെന്ന്. വീട് മുങ്ങിയപ്പോൾ സജീവൻ ഭാര്യയെയും മകളേയും കൂട്ടി തൊട്ടടുത്ത സഹോദരിയുടെ വീട്ടിലും അവിടെയും വെള്ളംകയറിയപ്പോൾ ക്യാമ്പിലേയ്ക്കും മാറി. ക്യാമ്പിൽ നിന്നും തിരിച്ചെത്തിയപ്പോൾ കണ്ടത് ഭിത്തികൾ വീണ്ടുകീറി ഏതു നിമിഷവും നിലംപതിക്കാവുന്നവീടാണ്. ഇടിഞ്ഞു വീഴാൻ സാദ്ധ്യതയുള്ള ഇവിടെ താമസിക്കരുതെന്ന് പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. മറ്റൊരു മാർഗ്ഗവുമില്ലാത്ത സജീവന് കുടുംബവും തൊട്ടടുത്ത സഹോദരിയുടെ വീടിന്റെ ടെറസി​ൽ സാരിമറച്ച് ഷെഡുണ്ടാക്കി താമസമാരംഭിച്ചു.നാശനഷ്ടം വിലയിരുത്താൻ ഗ്രാമപഞ്ചായത്ത് ചുമതലപ്പെടുത്തിയ സംഘം വീട് പരിശോധിച്ച് 'ഫുൾ ലോസിൽ' ഉൾപ്പെടുത്തി. പിന്നീട് പഞ്ചായത്ത് പ്രസിദ്ധീകരിച്ച ലിസ്റ്റിൽ സജീവനും ഇടംപിടിച്ചു. ഗ്രാമപഞ്ചായത്തിന്റെ നിർദ്ദേശ പ്രകാരം പുതിയ വീട് നിർമ്മിക്കുന്നതിനായി തകർന്ന വീട് പൊളിച്ചു. ഇതിനു ശേഷമാണ് സർക്കാർ പുന:പരിശോധന ഉത്തരവ്. ഇതിനെത്തിയ റവന്യു ഉദ്യോഗസ്ഥന്റെ റിപ്പോർട്ടാണ് സജീവന്റെ കുടുബത്തെ പെരുവഴിയിലാക്കിയത്. മുപ്പത് വർഷം പഴക്കമുള്ള വീട് പ്രളയത്തിനു മുമ്പ് പൊളിച്ചു നീക്കി എന്നായിരുന്നു റിപ്പോർട്ട്. ഇതോടെ പ്രളയ സംബന്ധമായ ആനുകൂല്യം നഷ്ടപ്പെട്ട സജിവൻ നീതി ലഭിക്കാൻ മുട്ടാത്ത വാതിലുകളില്ല. പ്രളയ സമയത്ത് മൊബൈലിൽ എടുത്ത വീഡിയോ നൽകി സത്യം ബോദ്ധ്യപ്പെടുത്തിയിട്ടും ഉദ്യോഗസ്ഥൻ നിലപാട് മാറ്റാൻ തയ്യാറായില്ല. സജീവന് വീടിനുള്ള ആനുകൂല്യം നൽകണമെന്ന നിലപാടെടുത്ത തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ശിക്ഷിക്കാനുള്ള പുറപ്പാടും ഇതിനിടയിൽ നടക്കുന്നുണ്ട്. കൂലി പ്പണിക്കാരനായിരുന്ന സജീവൻ ഹൃദ്രോഗബാധയെ തുടർന്ന് ജോലിയ്ക്ക് പോകുന്നില്ല. ഭാര്യ ബേബി എസ്.എൻ ഡി.പിയോഗം.ശാഖയിൽ ചിട്ടി കളക്ഷൻ എടുക്കുന്ന ജോലിചെയ്യുന്നു.ഇതി​ൽ നിന്ന് ലഭി​ക്കുന്ന ചെറിയ വരുമാനത്തിലാണ് കഴിയുന്നത്. . ഇളയമകൾ ഡിഗ്രി വിദ്യാർത്ഥിയാണ്.

ക്രൂരത ഇങ്ങനെ:പ്രളയത്തി​ൽ തകർന്ന വീട് പ്രളയത്തിനു മുമ്പ് പൊളിച്ചു നീക്കിയെന്ന്റിപ്പോർട്ട്

മൊബൈലിൽ എടുത്ത വീഡിയോ നൽകി സത്യം ബോദ്ധ്യപ്പെടുത്തിയിട്ടും ഫലമി​ല്ല

ശരി​യായറി​പ്പോർട്ട് നൽകി​യ ഉദ്യോഗസ്ഥരെ ശിക്ഷിക്കാൻ നീക്കം