1
പൊലീസ് പരിശോധിക്കുന്നു

തൃക്കാക്കര : കാക്കനാട് അത്താണി നെടുംകുളങ്ങര ശ്രീ ഭദ്രകാളീക്ഷേത്രം അടിച്ച് തകർത്തു. ഇന്നലെ രാവിലെയാണ് പഞ്ചമൂർത്തി വിഗ്രഹങ്ങളടക്കം ആറ് ഉപദേവതാ വിഗ്രഹങ്ങളും തകർത്തെറിഞ്ഞ നിലയിൽ കണ്ടെത്തിയത്. കാണിക്കവഞ്ചികളും കുത്തിത്തുറന്ന് പണം അപഹരിച്ചിട്ടുണ്ട്. കാക്കനാട് കാഞ്ഞിരക്കാട്ട് കുടുബത്തിന്റേതാണ് ക്ഷേത്രം. വെള്ളിയാഴ്ചകളിൽ മാത്രമാണ് ഇവിടെ പൂജ. ശ്രീകോവിലിന്റെ ചുറ്റുമതിൽ പൂട്ടും പൊളിച്ചിട്ടുണ്ട്.

തൃക്കാക്കര സി .ഐ ഷാബുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പൊലീസ് ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്‍ദ്ധരും സ്ഥലത്തെത്തി. ക്ഷേത്രത്തിലെ സി.സി.ടി.വി മെമ്മറികാർഡ് പൊലീസ് കസ്റ്റഡിയിലെടുത്തു.

പഞ്ചമൂർത്തി വിഗ്രഹവും,ഘണ്ടാ കർണൻ, രക്ഷസ്, സർപ്പം, നാഗരാജാവ്, നാഗയക്ഷി, കരിനാഗയക്ഷി തുടങ്ങിയ വിഗ്രഹങ്ങളാണ് പീഠത്തിൽ നിന്ന് വലിച്ചെടുത്ത് എറിഞ്ഞത്.

# ക്ഷേത്രധ്വംസനം പതിവായി: ബി.ജെ.പി

തൃക്കാക്കര പ്രദേശത്ത് ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമങ്ങൾ പതിവായതായി ബി .ജെ പി ജില്ലാ കമ്മറ്റി അംഗം സോമൻ വാളവക്കാട്ട് പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് എൻ .ജി .ഓ കോട്ടേഴ്സിലെ കുഴിക്കാട്ട് ക്ഷേത്രത്തിലും, കാക്കനാട് അത്താണിയിലെ കാവിലും മോഷണവും അതിക്രമവും ഉണ്ടായി. രണ്ട് സംഭവത്തിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

# അക്രമികളെ ഉടൻ പിടികൂടണം: ഹിന്ദു ഐക്യ വേദി

നെടുംകുളങ്ങര ശ്രീ ഭദ്രകാളീക്ഷേത്രം അടിച്ച് തകർത്തവരെ ഉടൻ പിടികൂടണമെന്ന് ഹിന്ദു ഐക്യ വേദി താലൂക്ക് ജനറൽ സെക്രട്ടറി കെ.ആർ വിവേക്, മുൻസിപ്പൽ പ്രസിഡന്റ് ശശി തോപ്പിൽ എന്നിവർ ആവശ്യപ്പെട്ടു. ആറുമാസത്തിനിടെ ക്ഷേത്രങ്ങൾക്കെതിരായ മൂന്നാമത്തെ ആക്രമണമാണിത്. നടപടിയുണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങും.