binoy
ബിനോയ്

കൊച്ചി : ബിനോയ് ഒരു നന്മമരമാണ്. സാധാരണക്കാരിൽ സാധാരണക്കാരൻ. ചിത്രകാരൻ. തന്റെ പരിമിതമായ വരുമാനത്തിന്റെ ഒരു ഭാഗം പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ സഹായത്തിന് നൽകുന്നയാൾ. ദാരിദ്ര്യം മൂലം പത്താം ക്ളാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്നതിന് മറ്റ് പാവപ്പെട്ട കുട്ടികളെ പഠിക്കാൻ സഹായിച്ച് വിധിയോട് പ്രതികാരം ചെയ്യുകയാണ്

ഈ കോട്ടയം പാമ്പാടി സ്വദേശി. രോഗികളെയും സഹായിക്കാറുണ്ട്.

2006 ൽ ആറു കുഞ്ഞുങ്ങൾക്ക് പാഠപുസ്തകങ്ങളും ബാഗും മറ്റും സമ്മാനിച്ചായിരുന്നു ബിനോയിയുടെ ദൗത്യം തുടങ്ങിയത്. കഴിഞ്ഞ വർഷം അത് നൂറായി. ചിലർക്ക് ട്യൂഷൻ ഫീസും നൽകുന്നുണ്ട്.

പള്ളികളുടെ അൾത്താര ജോലികളിലും വീടുകളിലെയും മറ്റും അലങ്കാര പണകളിലും വിദഗ്ദ്ധനാണ് ഇദ്ദേഹം. ചിത്രങ്ങളും വരയ്ക്കും. ഇനാമൽ, ഓയിൽ പെയിന്റിംഗുകളോടാണ് താല്പര്യം. പ്രളയം വിഷയമാക്കി 101 ചിത്രങ്ങൾ വരച്ച് പ്രദർശനം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ബിനോയ്. ഈമാസം അവസാനം വരയ്ക്കൽ ആരംഭിക്കും.

അമ്മയ്ക്കും സഹോദരൻ ബെന്നിയ്ക്കുമൊപ്പമാണ് 34 കാരനായ ബിനോയിയുടെ ജീവിതം. പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ വിവാഹം കഴിക്കാനാണ് താല്പര്യം.

സാമൂഹികസേവനത്തിന് ജെ.സി ഡാനിയേൽ നന്മ അവാർഡ്, കോട്ടയം നഗരസഭയുടെ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

മറ്റുള്ളവരുടെ പണം സ്വീകരിക്കില്ല.

സേവനപ്രവർത്തനത്തിന് ആരുടെ പക്കൽ നിന്നും സഹായം വാങ്ങിയിട്ടില്ല. തരാൻ തയ്യാറായി ചിലർ വരാറുണ്ട്. അവരോട് അയൽപക്കത്തെ അർഹരെ കണ്ടെത്തി നൽകൂവെന്ന് അറിയിക്കും. എനിക്ക് കഴിയുന്നതു വരെ ചെയ്യും. പറ്റാതെ വന്നാൽ ആരോടും വിശദീകരണം നൽകാതെ നിറുത്താനും കഴിയും.

ബിനോയ്

തയ്യാറാക്കിയത് : അർച്ചന മനോജ്