പെരുമ്പാവൂർ: മുറ്റത്തെ തൈച്ചെടി എന്ന വിഷയത്തിൽ ''മുറ്റത്തെവിടെയോ മുളച്ച ആ തൈച്ചെടിയെ അവൾ പരിപാലിച്ചു വളർത്തി...ഒടുവിൽ അവൾ തിരിച്ചറിഞ്ഞു, അതൊരു റോസാച്ചെടിയാണ്...'' എന്ന് സാന്ത്വന എഴുതുമ്പോൾ പുറത്ത് അവളുടെ പ്രിയ അദ്ധ്യാപകൻ കാത്തിരുന്നു. റിസൾട്ട് വന്നപ്പോൾ യു.പി വിഭാഗം കവിതാരചനയിൽ ഒന്നാംസ്ഥാനം കറുകപ്പിള്ളി ഗവ.യു.പി സ്കൂളിലെ ഏഴാംക്ളാാസുകാരി സാന്ത്വന സാബുവിന്. സമ്മാനം കിട്ടിയതിന്റെ സന്തോഷം സാന്ത്വനയേക്കാൾ സ്കൂളിലെ പ്രധാനാദ്ധ്യാപകൻ സി.വി മധുസൂദനന്. അവളെഴുതിയത് പോലെ തന്റെ സ്കൂൾ മുറ്റത്തെ കുഞ്ഞുതൈ റോസാപ്പൂവാണെന്ന് തിരിച്ചറിഞ്ഞതും തികച്ചും സാധാരണ ചുറ്റുപാടിൽ നിന്ന് വന്ന അവൾക്ക് വളരാനുള്ള ചുറ്റുപാട് ഒരുക്കി നൽകിയതും അദ്ദേഹമാണ്.
''കവിത എഴുതുന്നതിലെ അവളുടെ കഴിവ് തിരിച്ചറിഞ്ഞത് സ്‌കൂളിൽ നടത്തിയ കവിതാ ശിൽപശാലയിലാണ്. പിന്നീട് വിദ്യാരംഗത്തിന്റെ കവിതാ രചനാ മത്സരത്തിലും അവൾ സമ്മാനം നേടി. അവൾ ഉള്ളിൽ കവിതയുടെ ഒരുപാട് കനലുകൾ കിടക്കുന്നുണ്ട്. അതെല്ലാം ഊതിക്കാച്ചിയെടുക്കണം.സ്‌കൂളിന്റെ അഭിമാനമാണ് ഇവൾ. അടുത്ത വർഷം സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തിൽ ഇവളുടെ കവിതകൾ സമാഹരിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കണമെന്നാണ് എന്റെ ആഗ്രഹം. '' പ്രിയശിഷ്യയെ കുറിച്ച് അദ്ധ്യാപകന് നിറയെ സ്വപ്നങ്ങളുണ്ട്.
മലയാളം കവിതകൾ വായിച്ചു തോന്നിയ ഇഷ്ടം കൊണ്ടാണ് സാന്ത്വന കവിതാ രചനാ രംഗത്തേക്ക് വരുന്നത്. ഒ.എൻ.വി. കുറുപ്പാണ് ഇഷ്ടപ്പെട്ട കവി. ഒരുപാട് വായിക്കുകയും എഴുതുകയും ചെയ്യണമെന്നാണ് സാന്ത്വനയുടെ ആഗ്രഹം. കോലഞ്ചേരി കറുകപ്പിള്ളി പറമ്പിൽ സാബുവിന്റെയും എൽസമ്മയുടെയും മകളാണ് സാന്ത്വന.