പറവൂർ : മൂത്തകുന്നം മുതൽ ഇടപ്പിള്ളിവരെയുള്ള റോഡ് ഉടൻ പുനർനിർമ്മിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ബി.ഡി.ജെ.എസ് പറവൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റോഡിലെ കുഴികളിൽപ്പെട്ട് നിരവധി ബൈക്ക് യാത്രക്കാരാണ് ഓരോ ദിവസവും അപകടത്തിൽപ്പെടുന്നത്. ഉദ്യോഗസ്ഥർ ഇതെല്ലാം കണ്ടില്ലെന്ന് നടക്കുകയാണ്. ഉടൻ റോഡ് പുനർനിർമ്മിച്ചില്ലങ്കിൽ ഡിസംബർ ആദ്യവാരം മുതൽ സമരം നടത്തുമെന്ന് ബി.ഡി.ജെ.എസ് നേതാക്കൾ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് എം.പി. ബിനു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജീവ് കൈതാരം, സജീവ് ചക്കുമരശ്ശേരി, പ്രൊഫ. മോഹൻ, ഹരിഹരൻ ചേന്ദമംഗലം, സിനീഷ് ഏഴിക്കര തുടങ്ങിയവർ സംസാരിച്ചു.