കൊച്ചി : പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ ഉത്തരവ് സ്വാഗതം ചെയ്യുന്ന ഇരുചക്രവാഹന ഉടമകൾക്ക് ഒരു അഭ്യർത്ഥനയുണ്ട്. റോഡുകൾ നന്നാക്കി കുണ്ടും കുഴിയും മാറ്റണം. എന്നിട്ടു മതി ഹെമെറ്റ് ധരിക്കാത്തതിന്റെ പേരിൽ നടപടികൾ.
ഹൈക്കോടതി ഉത്തരവ് സ്വീകരിക്കാൻ തയ്യാറാണ് ബഹുഭൂരിപക്ഷം പേരും. പ്രായോഗിക പ്രശ്നങ്ങൾ യുവാക്കളും മറ്റും ഉന്നിയിക്കുന്നുണ്ട്. എന്നാൽ, തീരുമാനം നല്ലതാണെന്ന അഭിപ്രായമാണ് വനിതകൾ ഉൾപ്പെടെ യാത്രക്കാർ കേരളകൗമുദിയോട് പങ്കുവച്ചത്.
ആദ്യം റോഡ് നന്നാക്കൂ
ഹെൽമറ്റ് ഞങ്ങളുടെ സുരക്ഷയ്ക്കാണെന്ന് സമ്മതിക്കുന്നു. ഹെൽമറ്റ് നിർബന്ധമാക്കും മുമ്പ് റോഡ് നന്നാക്കുകയാണ് വേണ്ടത്. തകർന്ന റോഡിൽ വീണാൽ ഹെൽമറ്റ് വരെ തകരും. ഹെൽമറ്റ് തലയെ സംരക്ഷിക്കും. വീഴ്ചയുടെ ആഘാതത്തിൽ ശരീരം തന്നെ തളർന്നാൽ എന്തു ചെയ്യും. ഹെൽമറ്റ് ശരീരം മുഴവുൻ സുരക്ഷിതമാക്കില്ലല്ലോ ?
വിശാൽ
വൈപ്പിൻ സ്വദേശി
റോഡാണ് പ്രധാനം
ഹെൽമറ്റ് ധരിച്ചാലും പൂർണ സുരക്ഷ ലഭിയ്ക്കില്ല. റോഡിന്റെ അപാതക മൂലം ബൈക്കും സ്കൂട്ടറും മറിഞ്ഞാൽ മറ്റു വണ്ടികൾക്കടിയിൽ പെടുന്നത് സാധാരണയാണ്. അതുകൊണ്ട് റോഡുകൾ സഞ്ചാരയോഗ്യമാക്കുക പ്രധാന കാര്യമായി എടുക്കണം. ഹെൽമറ്റ് ധരിക്കുകയും വേണം.
ജോസഫ്
ഓട്ടോ ഡ്രൈവർ
ഹോസ്പിറ്റൽ റോഡ്
ആദ്യം ബോധവത്കരണം
മേലധികാരികളിൽ നിന്ന് നിർദ്ദേശം ലഭിച്ചാൽ നടപടി ആരംഭിക്കും. ബോധവത്കരണമാകും ആദ്യം നടത്തുക. റോഡുകളുടെ സ്ഥിതി അപകടം വരുത്തുന്നെന്ന വാദം ശരിയാണ്. എത്ര ശ്രദ്ധിച്ച ഓടിച്ചാലും റോഡ് മോശമെങ്കിൽ അപകടസാദ്ധ്യത കൂടുതലാണ്. ഹെൽമറ്റ് നിർബന്ധമാക്കുന്നതു പോലെ ജനങ്ങളുടെ മനോഭാവം, റോഡിന്റെ അപര്യാപ്തത, ട്രാഫിക് സംവിധാനം എന്നിവയുടെ പ്രധാനമാണ്.
ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ
ജീവൻ തന്ന ഹെൽമറ്റ്
ഹെൽമറ്റ് ധരിച്ചതുകൊണ്ട് അപകടത്തിൽ നിന്ന് രക്ഷപെട്ടവരാണ് ഞങ്ങൾ. ഒരിക്കൽ യാത്രയ്ക്കിടെ അപകടമുണ്ടായി. ഹെൽമറ്റ് ധരിച്ച എനിക്ക് ഒന്നും പറ്റിയില്ല. പിന്നിലിരുന്ന ഭാര്യ സാബിയയ്ക്ക് തലയിൽ പരിക്കേറ്റു. ഹെൽമറ്റ് നിർബന്ധമാക്കിയത് സ്വാഗതം ചെയ്യുന്നു. കുട്ടികൾക്കും ഹെൽമറ്റ് നല്ലതാണ്. പാകമായ ചെറിയ ഹെൽമറ്റുകൾ ലഭ്യമാക്കണം.
സംജു
പള്ളുരുത്തി
കുട്ടികൾക്കും വേണം
കുട്ടികളായാലും വലിയവരായാലും ഹെൽമറ്റ് ധരിക്കുന്നത നല്ലതാണ്. പിന്നിലിരിക്കുന്നവരാണ് അപകടങ്ങൾക്ക് കൂടുതൽ ഇരയാകുന്നത്.
ബാബു, പച്ചാളം
വെള്ളം ചേർക്കരുത്
ഉത്തരവുകൾ പലതും വരാറുണ്ട്. അത് നല്ല കാര്യവുമാണ്. അവ ഫലപ്രദമായി നടപ്പാക്കാൻ കാര്യമായ ശ്രമം അധികൃതർ നടത്താറില്ല. സുരക്ഷ ആദ്യം എന്നതിനായിരിക്കണം പ്രാധാന്യം.
രാധാകൃഷ്ണൻ, വിനോദ്
ഓട്ടോറിക്ഷാ ഡ്രൈവർമാർ
തയ്യാറാക്കിയത് : അനു റെജി, അർച്ചന മനോജ്