കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കാൻ ജില്ലാ കളക്ടർ എസ്.സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ടെക്നിക്കൽ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വെള്ളക്കെട്ട് ബാധിത പ്രദേശങ്ങളെ 27 വാർഡുകളായി തിരിച്ച് ഓരോ വാർഡുകളിലും ഇന്ന് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തും. ഒരു അസി.എൻജിനീയർ, ഒരു ഓവർസിയർ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് ഓരോ വർഡുകളിലും പരിശോധനക്കെത്തുന്നത്. ഇവർ പ്രദേശവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. വെള്ളക്കെട്ടിനുള്ള കാരണങ്ങളും പരിഹാര നിർദ്ദേശങ്ങളും കൃത്യമായി കണക്കാക്കിയുള്ള റിപ്പോർട്ട് അടുത്ത ദിവസം ടെക്നിക്കൽ കമ്മറ്റിക്ക് കൈമാറും. ഇതോടൊപ്പം നഗരത്തിലെ അഞ്ചു കനാലുകളിലെ തടസങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികളും നടക്കും. സ്ഥല പരിശോധന പൂർത്തിയാക്കി ഈ മാസം 26 നകം എസ്റ്റിമേറ്റ് നൽകാനാണ് ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശം. ഭാവിയിൽ പരാതികൾക്കിടയാകാത്ത വിധത്തിൽ കുറ്റമറ്റ രീതിയിലായിരിക്കണം സ്ഥലപരിശോധനയsക്കമുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടതെന്ന് കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 13 എക്സി.എൻജിനീയർമാരsങ്ങുന്ന ടെക്നിക്കൽ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
●13 വകുപ്പുകളിൽ നിന്നുള്ള 90 ഉദ്യോഗസ്ഥരാണ് ദൗത്യത്തിൽ പങ്കാളികളാകുന്നു
●റിപ്പോർട്ടിന്റെ പ്രായോഗിക വശങ്ങൾ ടെക്നിക്കൽ കമ്മറ്റി പരിശോധിക്കും
●ജില്ലാ ദുരന്ത നിവാരണ അതോറിട്ടിക്ക് കൈമാറും
●അംഗീകാരത്തിന് ശേഷം പ്രവർത്തി കരാറുകാർക്ക് കൈമാറും
●ജനുവരി ഒന്നിന് ആരംഭിച്ച് മാർച്ച് 31 ന് അവസാനിക്കുന്ന രീതിയിലാണ് പദ്ധതി
ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി
ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. വിവിധ വകുപ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട തൊണ്ണൂറോളം ജീവനക്കാരാണ് പരിശീലനത്തിൽ പങ്കെടുത്തത്. ഇന്ന് നടക്കുന്ന സ്ഥല പരിശോധനക്ക് മുന്നോടിയായിരുന്നു പരിശീലനം. കളക്ട്രേറ്റ് സ്പാർക്ക് ഹാളിൽ നടന്ന പരിശീലനത്തിൽ നോഡൽ ഓഫീസർ എസ്.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ടെക്നിക്കൽ കമ്മറ്റി ചെയർമാൻ ബാലു വർഗീസ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഡപ്യൂട്ടി കളക്ടർ സന്ധ്യ ദേവി, കൺവീനർ എച്ച്.ടൈറ്റസ് തുടങ്ങിയവർ പ്രസംഗിച്ചു.