പെരുമ്പാവൂർ: 'ചന്ദിരമുഖം നല്ല ഒളിചിന്തും പുതുക്കത്തിൽ എന്ന പാട്ടോടെ പുതുമണവാട്ടിയെ വഴിനീളം പാടി ആനയിച്ചെത്തിയ മൂത്തകുന്നം എസ്.എൻ.എം എച്ച്.എസ്.എസ് ടീം ഇത്തവണയും പതിവ് തെറ്റിച്ചില്ല. തുടർച്ചയായ പതിനാറാം വർഷവും ഒപ്പനയിൽ ഒന്നാംസ്ഥാനം ഇവർ കൈവിട്ടില്ല.

തനിമ വറ്റാത്ത ഒപ്പനയുടെ ഓർമ്മ പുതുക്കാൻ ഈ കുട്ടികളെ പരിശീലിപ്പിക്കുന്നത് കോർവ്വ മാപ്പിള കലാ അധ്യാപക സംഘടനാ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപക പ്രസിഡന്റ് കൂടിയായ ജിഹാസ് വലപ്പാടാണ്. 15 വർഷവും ജിഹാസ് തന്നെയായിരുന്നു മൂത്തകുന്നം പിള്ളേരുടെ ഗുരു.

സ്കൂളിൽ ഒപ്പനയ്ക്ക് മത്സരമുണ്ടാകാറില്ല. താൽപര്യമുള്ളവരെ കണ്ടെത്തി മൂന്നുമാസത്തെ ചിട്ടയായ പരിശീലനം നൽകും.

നാസർ മേച്ചേരിയുടെ വരികൾക്ക് ഈണമിട്ട് ചിട്ടപ്പെടുത്തിയതും ജിഹാസ് വലപ്പാട് തന്നെ. മണവാട്ടിയായി ധനലക്ഷ്മിയും തോഴിമാരായി സ്മിയ, ആദിത്യ, അനാമിക, മേഘ, അഞ്ജന, ഗൗരി, ആർദ്ര, നെയ്തൽ, മീര എന്നിവരുമാണ് ഒപ്പന കളിച്ചത്.

പങ്കെടുത്ത 9 ടീമിൽ 8 ടീമും എ ഗ്രേഡ് നേടി. കുറ്റിപ്പുഴ ക്രിസ്തുരാജ് സ്‌കൂളിനാണ് യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം. യു.പി വിഭാഗത്തിൽ മത്സരിച്ച 9 ടീമിൽ 7 ടീം എ ഗ്രേഡ് നേടി.