കോർപ്പറേഷൻ നാഥനില്ലാകളരിയായെന്ന് പ്രതിപക്ഷം

കൊച്ചി: മേയർ സ്ഥലത്തില്ല, കോർപ്പറേഷൻ സെക്രട്ടറിയും രണ്ട് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരും വിദേശ പര്യടനത്തിൽ, മറ്റൊരു കൗൺസിലറും വിദേശത്ത്. കോർപ്പറേഷൻ നാഥനില്ലാ കളരിയായെന്ന് പ്രതിപക്ഷം. റോഡ് പണിയുടെ ചുമതലയുള്ള പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എം.ഹാരിസ്, 23 നകം അദ്ധ്യക്ഷസ്ഥാനം ഒഴിയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് നോട്ടീസ് നൽകിയിട്ടുള്ള എ.ബി.സാബു, അദ്ധ്യക്ഷൻമാരുടെ രാജിക്കത്ത് ഏറ്റുവാങ്ങേണ്ട സെക്രട്ടറി ആർ.എസ്.അനു എന്നിവർ സ്പെയിൻ പര്യടനത്തിലാണ്. സ്വകാര്യ ആവശ്യത്തിനായി 25 വരെ സംസ്ഥാനം വിട്ടുപോകുന്നുവെന്നാണ് മേയറുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ്.എന്നാൽ മേയറുടെ ചുമതലകൾ മറ്റാർക്കെങ്കിലും നൽകുകയോ ആവശ്യമായ ക്രമീകരണങ്ങൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. മറ്റൊരു കൗൺസിലർ ആന്റണി പൈനൂത്തുറ കൗൺസിലിനെ അറിയിക്കാതെ ഉദ്യോഗസ്ഥർക്ക് ഒപ്പം ഇറ്റലിയിൽ കറങ്ങുകയാണ്. റോഡുകളുടെ കാര്യത്തിൽ ഉത്തരവാദിത്വം വഹിക്കേണ്ടയാളാണ് പി.എം.ഹാരിസ്.ക്ഷേമപെൻഷനുകളുടെ മസ്റ്ററിംഗ് നടക്കുന്ന സമയത്താണ് എ.ബി.സാബു നാടുവിട്ടത്.

നഗരസഭ തന്നെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ച സാഹചര്യത്തിൽ സർക്കാരിനൊപ്പം വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങേണ്ട മേയറും മറ്റ് അദ്ധ്യക്ഷൻമാരും ഉത്തരവാദിത്വങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് ഒളിച്ചോട്ടവും വിശ്വാസവഞ്ചനയുമാണ്. ഇ ഗവേണൻസ് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് മേൽനോട്ടം വഹിക്കേണ്ട സെക്രട്ടറിയും രണ്ട് അദ്ധ്യക്ഷൻമാരും കൗൺസിൽ അനുവാദമില്ലാതെ വിദേശയാത്ര നടത്തിയത് ഗുരുതരമായ കൃത്യവിലോപമാണ്. ഒളിച്ചുകളികൾ അവസാനിപ്പിച്ച് ഭരണക്കാർ ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് കെ. ജെ.ആന്റണി പറഞ്ഞു.