കൊച്ചി: ഹെൽമറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാരെ പിടിക്കാൻ പിന്നാലെ പാഞ്ഞ് 'ഹോട്ട് ചേസിംഗ്' നടത്തരുതെന്ന് ഹൈക്കോടതി നിർദ്ദേശം. ഇത്തരം അതിസാഹസികത കാരണം നിരവധി പേർ മരിച്ചിട്ടുണ്ടെന്നും, ഇതിനു പരിഹാരം കാണേണ്ട സമയം അതിക്രമിച്ചെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു. മലപ്പുറം രണ്ടത്താണി ദേശീയ പാതയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ബൈക്കിടിച്ചു വീഴ്‌ത്തി രക്ഷപ്പെടാൻ ശ്രമിച്ച കേസിൽ പ്രതിയായ മുഫ്‌ലിഹ് നൽകിയ ജാമ്യാപേക്ഷ അനുവദിച്ചാണ്, മോട്ടോർ വാഹന വകുപ്പിനുള്ള ഹൈക്കോടതി നിർദ്ദേശങ്ങൾ.
കോടതി പറഞ്ഞത്
വാഹന പരിശോധനയ്‌ക്ക് ഡിജിറ്റൽ കാമറ, ട്രാഫിക് നിരീക്ഷണ കാമറ, മൊബൈൽ ഫോൺ കാമറ, ഹാൻഡി ക്യാം തുടങ്ങിയവ ഉപയോഗിക്കണം.
കൈകാണിച്ചിട്ടും നിറുത്തിയില്ലെങ്കിൽ വാഹന രജിസ്ട്രേഷൻ നമ്പർ വയർലെസിലൂടെ കൈമാറി അടുത്ത പോയിന്റിൽ പിടികൂടാം
നേരത്തേ അറിയിച്ചിട്ടുള്ള സ്ഥലങ്ങളിലും, കൃത്യമായി അടയാളപ്പെടുത്തിയ സ്ഥലങ്ങളിലും മാത്രമേ പരിശോധന നടത്താവൂ (2012 മാർച്ച് മൂന്നിലെ ഡി.ജി.പിയുടെ സർക്കുലർ)
യാത്രക്കാരെ ചാടിവീണ് പിടികൂടുകയല്ല, സുരക്ഷാ ശീലങ്ങൾ പഠിപ്പിക്കുകയാണ് പരിശോധനകളുടെ ലക്ഷ്യം.
ഡ്രൈവർമാർ വാഹനങ്ങൾ നിറുത്തുമെന്ന ധാരണയോടെ ട്രാഫിക് ഉദ്യോഗസ്ഥർ റോഡിലേക്ക് ചാടരുത്.
കേസിന്റെ കഥ:
കഴിഞ്ഞ ഒക്ടോബർ പത്ത്. മുഫ്‌ലിഹ് ഹെൽമറ്റ് ധരിക്കാതെ സുഹൃത്തിനൊപ്പം ബൈക്കിൽ വരികയായിരുന്നു. വെഹിക്കിൾ ഇൻസ്പെക്ടർ കൈ കാണിച്ചെങ്കിലും, ബൈക്ക് നിറുത്താതെ ഉദ്യോഗസ്ഥനെ ഇടിച്ചുവീഴ്‌ത്തി രക്ഷപ്പെടാൻ ശ്രമിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്ന കാറിലിടിച്ച് മുഫ്‌ലിഹും സുഹൃത്തും റോഡിൽ വീണു. വെഹിക്കിൾ ഇൻസ്പെക്ടർ ബൈക്കിന്റെ ഹാൻഡിലിൽ പിടിച്ചതാണ് അപകട കാരണമെന്നായിരുന്നു മുഫ്‌ലിഹിന്റെ വാദം. 50,000 രൂപയുടെ ബോണ്ടും ഇതേ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്ത് കോടതി ജാമ്യം അനുവദിച്ചു.