മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലത്തിൽ എം.എൽ.എ ഫണ്ടു ഉപയോഗിച്ച് നിർമിക്കുന്ന വിവിധ പദ്ധതികൾക്ക് 1 കോടി 42 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. നിയോജക മണ്ഡലത്തിലെ പാലക്കുഴ ഗ്രാമപഞ്ചായത്ത് മന്ദിരം നിർമ്മിക്കുന്നതിന് 99.60 ലക്ഷം രൂപയും, ആരക്കുഴ പഞ്ചായത്ത് മൂന്നാം വാർഡിൽ പയ്യനാവില്ലാട്ട് പീടിക പൊന്നോത്ത് കടവ് ലിങ്ക് റോഡ് നവീകരണത്തിന് 18.5 ലക്ഷം രൂപയും, പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ വളവൊടിച്ചാൽ ചിറ ആയങ്കര പള്ളി റോഡ് ബന്ധിപ്പിച്ച് പാലവും, സംരക്ഷണഭിത്തിയും നിർമ്മിക്കാൻ 12 ലക്ഷം രൂപയും, ഏഴാം വാർഡിൽ എരപ്പുപാറ റോഡ് നവീകരണത്തിന് 12 ലക്ഷം രൂപയും അടക്കം 1.42 കോടി രൂപ എംഎൽഎയുടെ വികസന ഫണ്ടുപയോഗിച്ചുള്ള പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്. ടെണ്ടർ നടപടികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് നിർമ്മാണമാരംഭിക്കുമെന്നും എൽദോ എബ്രഹാം എംഎൽഎ അറിയിച്ചു.