പിറവം: കല്ലുമാരി സെന്റ് ജോർജ് യാക്കോബായ സുറിയാനി ചാപ്പലിന് നേരെയുണ്ടായ അതിക്രമത്തിൽ ജാക്കോബൈറ്റ് സിറിയൻ കോൺഗ്രിഗേഷൻ പ്രതിഷേധിച്ചു. ശനിയാഴ്ച അർദ്ധരാത്രിക്ക് ശേഷം നടന്ന അക്രമത്തിൽ ചാപ്പലിന് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ചാപ്പലിന്റെ പൂമുഖത്ത് സൂക്ഷിച്ചിരുന്ന സെന്റ് ജോർജ് കുടുംബയൂണിറ്റിന്റയും, സൺഡേ സ്കൂളിന്റെയും ബെഞ്ചുകളും കസേരകളും നശിപ്പിച്ചു. സമീപത്തെ പറമ്പുകളിൽ 50 മീറ്ററോളം ദൂരത്തിൽ ഇവ വലിച്ചെറിയപ്പെട്ട നിലയിലാണ് കണ്ടത്. തിരി തട്ടുകളും കുടിവെള്ള പൈപ്പുകളും തകർത്ത നിലയിലാണ്. അർദ്ധരാത്രിക്ക് ശേഷമാണ് അതിക്രമം നടന്നിരിക്കുന്നത്. സമീപത്തെ നിരീക്ഷണ കാമറയിൽ നിന്നും ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. നഗരസഭാ കൗൺസിലർ ബെന്നി വി വർഗീസ് വികാരി ഫാ:വർഗീസ് പനിച്ചിയിൽ കോൺഗ്രിഗേഷൻ ഭാരവാഹികൾ, പൊലീസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു. വികാരിയുടെ പരാതിയിൽ പിറവം പൊലീസ് കേസെടുത്തു. അക്രമകാരികളെ കണ്ടെത്തണമെന്നും, കല്ലു മാരിയിലെയും പരിസരപ്രദേശത്തെയും അനധികൃത മദ്യപാന സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും കൗൺസിലർ ബെന്നി വി വർഗീസ് ആവശ്യപ്പെട്ടു.