പെരുമ്പാവൂർ: അപ്പീലിലൂടെ എത്തി ഒന്നാംസ്ഥാനം നേടിയതിന്റെ സന്തോഷത്തിലാണ് വളയൻചിറങ്ങര എച്ച്.എസിലെ ആൻമരിയ എബി. ഹിന്ദി പദ്യം ചൊല്ലലിലാണ് വിധികർത്താക്കളുടെയും ശ്രോതാക്കളുടെയും പ്രശംസ ഏറ്റുവാങ്ങി ആൻമരിയ സംസ്ഥാനതലത്തിലേക്ക് അർഹത നേടിയത്.

ഹിന്ദി കവി വീർ സിങ് സിക്കർമാർ രചിച്ച 'ഓഡ് കെ തിരംഗക ക്യൂ പാപ്പാ ആയെ ഹെ' എന്ന കവിതയാണ് ആൻ ആലപിച്ചത്. സൈനികനായ അച്ഛന്റെ മൃതദേഹം വീട്ടിലെത്തിക്കുമ്പോൾ എട്ടു വയസുകാരന്റെ വിചാര വികാരങ്ങളാണ് കവിതയുടെ ഉളളടക്കം. കഴിഞ്ഞ വർഷം ഹിന്ദി പദ്യം ചൊല്ലലിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയിരുന്നു. ഈ വർഷം ജില്ലയിൽ തിരുവാതിരയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ടീമിലും അംഗമായിരുന്നു. ഹിന്ദി അധ്യാപിക ആർ.എസ് ബിന്ദുവിന്റെ കീഴിലാണ് ശിക്ഷണം. പുല്ലുവഴി വീപ്പനാട്ട് എബി പോളിന്റെയും അധ്യാപിക റീന എബിയുടെയും മകളാണ്.