ആലുവ: ഭൂഗർഭ വൈദ്യുതി വിതരണ ശൃംഖല സ്ഥാപിക്കുന്നതിനിടയിൽ കുടിവെള്ള പൈപ്പുകൾ തകരാറിലാകുന്നത് ജനങ്ങൾക്ക് ദുരിതമായി. കഴിഞ്ഞ നാല് ദിവസമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് കുടിവെള്ളം മുടങ്ങി. നഗരവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.
ഇന്നലെ ബ്രിഡ്ജ് റോഡിലാണ് പുതിയതായി കുടിവെള്ള പൈപ്പ് പൊട്ടിയത്. മുന്നറിയിപ്പില്ലാത്ത മറ്റൊരു കുഴിയിൽ കാർ വീണു. സ്‌കാനർ യന്ത്രമുള്ളതിനാൽ കുടിവെള്ള പൈപ്പുകൾ, ടെലിഫോൺ ലൈനുകൾ എന്നിവ കണ്ടെത്താനാകുമെന്നും അതിനാൽ സുഗമമായി വൈദ്യുതി ലൈൻ സ്ഥാപിക്കാനാകുമെന്നുമാണ് കെ എസ് ഇ ബി അധികൃതർ അവകാശപ്പെട്ടിരുന്നത്. എന്നാൽ നഗരത്തിലെ പലയിടത്തും വൈദ്യുതി ലൈൻ കുഴിക്കുന്നിടത്ത് കുടിവെള്ള പൈപ്പുകൾ പൊട്ടുകയാണൈന്നാണ് പരാതി. കഴിഞ്ഞ ദിവസം ബാങ്ക് കവല മാർക്കറ്റ് റോഡിൽ സിറ്റി ടവേഴ്‌സിന് മുൻപിലും ഗ്രാൻഡ് കവലയിലും പൈപ്പ് പൊട്ടിയിരുന്നു. ആലുവയിലെ 8,9,10,23,20 വാർഡുകളിലാണ് കുടിവെള്ള വിതരണം പല തവണയായി മുടങ്ങുന്നത്. വടക്കേ അങ്ങാടി, ഹൈറോഡ്, ഹിൽറോഡ്, പൂർണ നഗർ, ശാന്തി നഗർ, കുന്നുംപുറും എന്നിവിടങ്ങളിൽ മൂന്ന് ദിവസമാണ് കുടിവെള്ള വിതരണം മുടങ്ങിയത്.
ജനങ്ങളുടെ പ്രതിഷേധം മറികടക്കാൻ കഴിഞ്ഞ ദിവസം ബോയ്‌സ് ഹൈസ്‌കൂൾ മേഖലയിൽ വാർഡ് കൗൺസിലർ സെബി വി. ബാസ്റ്റ്യൻെറ നേതൃത്വത്തിൽ ടാങ്കർ ലോറിയിൽ കുടിവെള്ളമെത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.
ഉദ്യോഗസ്ഥരെ ഉപരോധിച്ചു
ആലുവ: നഗരത്തിലെ ജലവിതരണ പൈപ്പുകൾ തുടർച്ചയായി പൊട്ടുന്നതിനെതിരെ സി.പി.എം ലോക്കൽ കമ്മിറ്റി വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥനെ ഉപരോധിച്ചു. കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റുന്നതിന് എംഎൽഎ ഇടപെടണമെന്ന് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
. ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജീവ് സക്കറിയ, കെ.ഐ. കുഞ്ഞുമോൻ, പി.ടി. പ്രഭാകരൻ, എം.കെ. മോഹനൻ, കെ.കെ. രമേശ്, ബൈജു ജോർജ്, സി.വി. ജെയിംസ്, ഷൈല സുദർശനൻ എന്നിവർ നേതൃത്വം നൽകി.
ജലവിതരണം നിലച്ചു, ബി.ജെ.പി പ്രതിഷേധിച്ചു
ആലുവ : വൈദ്യുതി വിതരണ പദ്ധതിയ്ക്കിടെ നഗരത്തിൽ കുടിവെള്ള വിതരണം നിലക്കുന്നതിൽ പ്രതിഷേധിച്ച്
ബി ജെ പി ആലുവ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജല അതോറിറ്റി ഓഫീസിൽ പ്രതിഷേധം നടത്തി. പ്രസിഡന്റ് ആ. സതീഷ് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. ഹരിദാസ്, സെന്തിൽ കുമാർ, എ സി. സന്തോഷ് കുമാർ, എബി ജോസ്, ഗോപൻ ആലുവ, അഡ്വ. ലോയിഡ്, പ്രീത,രഞ്ജിത് കുമാർ,വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
ഇന്നലെ പൊട്ടിയത് ബ്രിഡ്ജ് റോഡിൽ
പലസ്ഥലങ്ങളിലും വെള്ളമില്ലാത്ത നാലാംദിവസം
അഞ്ച് വാർഡുകളിൽ കൊടും ദുരിതം