പെരുമ്പാവൂർ: എറണാകുളം ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ദഫ്‌മുട്ടിലും അറബനമുട്ടിലും ഒന്നാം സ്ഥാനം നേടി വർഷങ്ങളായി തുടരുന്ന ആധിപത്യത്തിന് അടിവരയിടുകയാണ് തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂൾ.

ബുധനാഴ്ച നടന്ന മത്സരങ്ങളിൽ ഹൈസ്‌കൂൾ വിഭാഗം ദഫ്‌മുട്ടിലും ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം അറബനമുട്ടിലും ഇവർ വിജയിച്ചു. ഹയർ സെക്കൻഡറി വിഭാഗം ദഫ്‌മുട്ടിൽ ഒന്നാം സ്ഥാനം നേടിയത് ഗവ. ബോയ്‌സ് എച്ച്.എസ്.എസ് പറവൂരാണ്. എച്ച്.എസ്.എസ് വിഭാഗത്തിൽ തണ്ടേക്കാട്ട് എ ഗ്രേഡ് കരസ്ഥമാക്കി.

മാപ്പിള കലകളിൽ വർഷങ്ങളായി എറണാകുളം ജില്ലയെ പ്രതിനിധീകരിക്കുന്നത് തണ്ടേക്കാട് സ്‌കൂളിലെ വിദ്യാർത്ഥികളാണ്. രണ്ട് വിഭാഗം കോൽക്കളിയിലും എട്ട് വർഷത്തോളം ജില്ലയിൽ ഒന്നാം സ്ഥാനവും ഏഴ് വർഷമായി വട്ടപ്പാട്ടിലും ദഫ്‌മുട്ടിൽ ആറാം വർഷവും ഇവർ തന്നെയാണ് വിജയികൾ. ഒന്നാം സമ്മാനം നേടിയ നാല് ടീമുകളെയും പരിശീലിപ്പിച്ചത് അസ്ലം തമ്മനമാണ്. കോൽക്കളി, വട്ടപ്പാട്ട് മത്സരങ്ങൾ ഇന്ന് (വ്യാഴം) രാവിലെ മുതൽ ഇ.എം.എസ് ടൗൺ ഹാളിലെ വേദിയിൽ നടക്കും.