കൊച്ചി: ആലപ്പുഴ, എറണാകുളം ജില്ലകളിലെ സഹകരണസംഘം ജീവനക്കാരുടെയും സഹകരണ വകുപ്പിന്റെയും നിയന്ത്രണത്തിലുള്ള ബോർഡുകളിലെ ജീവനക്കാരുടേയും മക്കൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ കലാ-കായിക മികവിനുള്ള കാഷ് അവാർഡ് വിതരണം ഇന്ന് എറണാകുളം ടൗൺഹാളിൽ നടക്കും. എസ്.എസ്.എൽ.സി മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള പരീക്ഷകളിൽ മികച്ച വിജയം കെെവരിച്ചവർക്കാണ് വിദ്യാഭ്യാസ അവാർഡ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ചവർക്കും സംസ്ഥാന, ദേശീയ തലങ്ങളിൽ കായികരംഗത്ത് മികവ് നേടിയവർക്കും അവാർഡുണ്ട്.

വെെകീട്ട് 2.30 ന് നടക്കുന്ന ചടങ്ങിൽ സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപ്പിള്ളി സുരേന്ദ്രൻ അവാർഡുകൾ വിതരണം ചെയ്യും. കോ- ഓപ്പറേറ്റീവ് എംപ്ളോയീസ് വെൽഫയർ ബോർഡ് വെെസ് ചെയർമാൻ കെ. രാജഗോപാൽ അദ്ധ്യക്ഷത വഹിക്കും. ടി.ജെ. വിനോദ് എം.എൽ.എ മുഖ്യാതിഥിയാകും. റബർ മാർക്കറ്റിംഗ് ഫെഡറേഷൻ പ്രസിഡന്റ് മാത്യു കുളത്തുങ്കൽ , താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ്. ഷൺമുഖദാസ്, സംഘടനാ നേതാക്കളായ വി.എ. രമേഷ് , എം.എൻ. ദാസപ്പൻ തുടങ്ങിയവർ പ്രസംഗിക്കും.