കൊച്ചി : വാളയാറിൽ പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച സംഭവിച്ചെന്നു ചൂണ്ടിക്കാട്ടിയാണ്, പാലക്കാട് പോക്‌സോ കോടതി വിധി റദ്ദാക്കി തുടരന്വേഷണത്തിനും പുനർവിചാരണയ്ക്കും ഉത്തരവിടണമെന്ന അപ്പീൽ. പെൺകുട്ടികളുടെ അമ്മയുടെ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
അന്വേഷണത്തിന്റെ തുടക്കത്തിലെ വീഴ്ച വിചാരണയെ ബാധിച്ചെന്നും, വാളയാർ പൊലീസ് ഗൗരവത്തോടെ കേസ് അന്വേഷിച്ചിരുന്നെങ്കിൽ രണ്ടാമത്തെ കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നെന്നും അപ്പീലിൽ സർക്കാർ തുറന്നു സമ്മതിക്കുന്നുണ്ട്. രക്ഷിതാക്കൾ ഉൾപ്പെടെ നൽകിയ മൊഴികൾ നേരിട്ടുള്ള തെളിവുകൾ പോലെ ബലമുള്ളതാണ് എന്നതിനു പുറമെ, സാഹചര്യ തെളിവുകൾ ഉണ്ടായിരുന്ന കാര്യവും അപ്പീലിൽ ചൂട്ടിക്കാട്ടുന്നു.
പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകൾക്കു പുറമെ, വിധിന്യായത്തിലെ പോരായ്‌മകളും ചൂണ്ടിക്കാണിക്കുന്നതാണ് സർക്കാർ സമർപ്പിച്ച അപ്പീൽ. കുട്ടികളുടെ അമ്മയും ഭർത്താവും നൽകിയ ദൃക്‌സാക്ഷി മൊഴികൾ തള്ളിക്കളഞ്ഞതും,
സാക്ഷിമൊഴികൾ കൃത്രിമ സ്വഭാവത്തിലുള്ളതാണെന്ന് വിലയിരുത്തിയതും പ്രതികളിൽ ഒരാളുടെ പേര് പെൺകുട്ടി പറഞ്ഞെന്ന സാക്ഷിമൊഴി കണക്കിലെടുക്കാതിരുന്നതുമാണ് അപ്പീലിൽ ആരോപിക്കുന്ന പ്രധാന പോരായ്‌മകൾ.
പതിമൂന്നും ഒമ്പതും വീതം വയസുള്ള പെൺകുട്ടികളെ പ്രതികൾ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനങ്ങൾക്ക് ഇരകളാക്കിയെന്നും, പീഡനം സഹിക്കാനാവാതെ കുട്ടികൾ തൂങ്ങിമരിച്ചെന്നുമാണ് പ്രോസിക്യൂഷൻ കേസ്. പ്രദീപ് കുമാർ, വലിയ മധു, കുട്ടി മധു, ഷിബു എന്നിവരാണ് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ. പ്രദീപ് കുമാറും വലിയ മധുവും ഒമ്പതുകാരിയെ പീഡിപ്പിച്ച കേസിലും പ്രതികളാണ്. പ്രതികൾക്കെതിരെ ആറ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഓരോന്നിലുമായി സർക്കാർ നൽകിയ ആറ് അപ്പീലുകൾ കോടതി ഇന്ന് പരിഗണിച്ചേക്കും.
പ്രോസിക്യൂട്ടറുടെ വീഴ്ചകൾ
വീഴ്ചകൾ പലതും മന:പൂർവം ഫലപ്രദമായ വിചാരണ ഉറപ്പാക്കിയില്ല. അന്തിമ റിപ്പോർട്ടിനു തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി തുടരന്വേഷണം ആവശ്യപ്പെട്ടില്ല. അന്വേഷണ ഏജൻസിയുമായി ചേർന്നു പ്രവർത്തിച്ചില്ല. തെളിവുകളും മൊഴികളും പ്രയോജനപ്പെടുത്തിയില്ല, പ്രധാന സാക്ഷികളെ ഒഴിവാക്കി
പൊലീസിന്റെ വീഴ്ചകൾ രണ്ടു മാസം അന്വേഷിച്ചിട്ടും ഗുരുതരമായ കുറ്റകൃത്യം കണ്ടെത്താനായില്ല പീഡനം നടന്നെന്ന് ഫോറൻസിക് സർജൻ കണ്ടെത്തിയിട്ടും ജാഗ്രത കാട്ടിയില്ല നരഹത്യാ സാദ്ധ്യത ഫോറൻസിക് സർജൻ ചൂണ്ടിക്കാട്ടിയിട്ടും തള്ളിക്കളഞ്ഞു നരഹത്യയാണെന്ന് പരാതി കിട്ടിയിട്ടും അന്വേഷിച്ചില്ല പോക്സോ കേസിൽ തെളിവു ശേഖരിക്കേണ്ട ദൗത്യം പാലിച്ചില്ല.