പെരുമ്പാവൂർ: പെരുമ്പാവൂരിന് കലാവിരുന്ന് സമ്മാനിച്ച് 37ാമത് എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിന് രണ്ടാംദിനം കൊടിയിറങ്ങുമ്പോൾ ഓവറോൾ കിരീടത്തിനായി ആതിഥേയരായ പെരുമ്പാവൂർ തന്നെ മുന്നിൽ.

വിവിധ വിഭാഗങ്ങളിലായി 396 പോയിന്റാണ് പെരുമ്പാവൂരിന്. 371 പോയിന്റോടെ എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. 362 പോയിന്റുമായി നോർത്ത് പറവൂർ തൊട്ടുപിന്നിലുണ്ട്. നിലവിലെ ചാമ്പ്യൻമാരായ ആലുവ 345 പോയിന്റുമായി നാലാം സ്ഥാനത്താണ്.

സ്‌കൂൾ വിഭാഗം ഓവറോൾ കിരീടത്തിനായി യു.പിയിൽ എറണാകുളം സെന്റ് തെരേസാസും (19) ഹൈസ്‌കൂളിൽ കോതമംഗലം സെന്റ് അഗസ്റ്റിൻസും (57), ഹയർ സെക്കൻഡറി വിഭാഗത്തിൽ തേവര എസ്.എച്ചും (69) ആണ് മുന്നിൽ.

• ഹൈസ്‌കൂൾ അറബിക് കലോത്സവത്തിൽ 48 പോയിന്റുമായി പെരുമ്പാവൂരാണ് മുന്നിൽ. 46 പോയിന്റ് വീതമുള്ള മൂവാറ്റുപുഴ, വൈപ്പിൻ ഉപജില്ലകളാണ് രണ്ടാം സ്ഥാനത്ത്. മൂവാറ്റുപുഴയും മട്ടാഞ്ചേരിയുമാണ് യു.പി വിഭാഗത്തിൽ ആദ്യ സ്ഥാനങ്ങളിൽ. രണ്ടാം സ്ഥാനത്തുള്ള പെരുമ്പാവൂരിനും കോതമംഗലത്തിനും 23 പോയിന്റുകൾ വീതമുണ്ട്.

• സംസ്‌കൃതോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ആലുവയും (46), യു.പിയിൽ അങ്കമാലിയും (53) മുന്നിലുണ്ട്.

ഇന്ന് വിവിധ വിഭാഗങ്ങളിലെ ഭരതനാട്യം, നാടകം, കഥകളി, പൂരക്കളി, മോണോആക്ട്, കോൽക്കളി, വട്ടപ്പാട്ട് മത്സരങ്ങൾ അരങ്ങേറും.

കലോത്സവ വേദിയിലേക്ക് കാണികളെ ആകർഷിക്കുന്ന ഇനങ്ങളാണ് ഇന്നലെ അരങ്ങത്തെത്തിയത്. ഒപ്പന, മോഹിനിയാട്ടം, നാടകം, ദഫ് മുട്ട്, ബാൻഡ് മേളം എന്നിങ്ങനെ 16 വേദികളിലായി 28 ഇനം മത്സരങ്ങൾ.

പതിനാറാം വട്ടവും ഒപ്പനയിൽ ഒന്നാംസ്ഥാനം നേടിയ മൂത്തകുന്നം എസ്.എൻ.എം ഹയർസെക്കൻഡറിയും അപ്പീലിലൂടെ മത്സരിക്കാനെത്തി ഹിന്ദി പദ്യം ചൊല്ലലിൽ ഒന്നാംസ്ഥാനം നേടിയ ആൻ മരിയയും മാപ്പിളപ്പാട്ടിൽ ഹാട്രിക് വിജയം നേടിയ തേവര എസ്.എച്ച് സ്കൂളിലെ 9ാം ക്ളാസ് വിദ്യാർത്ഥിനി പി.ആർ അഥർവ്വയും കലോത്സവനഗരിയിലെ താരങ്ങളായി.

മത്സരങ്ങൾ സമയക്രമംം പാലിക്കാതിരുന്നത് മത്സരിക്കാനെത്തിയ വിദ്യാർത്ഥികളെയും കാണികളെയും വലച്ചു. രാവിലെ 9 മണിക്ക് ആരംഭിക്കേണ്ട മത്സരങ്ങളെല്ലാം രണ്ടുമണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. മത്സരങ്ങൾ രാത്രി വരെ നീണ്ടു.


റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്നലെ വൈകിട്ട് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ജസ്റ്റിസ് സി.കെ അബ്ദുൾ റഹിം നിർവഹിച്ചു. അഡ്വ.എൽദോസ് കുന്നപ്പള്ളി എം.എൽ.എ അദ്ധ്യക്ഷനായി. സംഗീതാധ്യാപകൻ രാാജേഷ് പൈങ്ങോട്ടൂർ ഗാനരചനയും സംഗീതവും നിർവ്വഹിച്ച സ്വാഗതഗാനം ജില്ലയിലെ സംഗീതാധ്യാപകർ ആലപിച്ചു.

ഹയർ സെക്കൻഡറി വിഭാഗം

പെരുമ്പാവൂർ - 176 പോയിന്റ്

എറണാകുളം - 161

ആലുവ -159

ഹൈസ്‌കൂൾ വിഭാഗം

പെരുമ്പാവൂർ - 143

എറണാകുളം - 139

നോർത്ത് പറവൂർ -136

യു.പി വിഭാഗം

പെരുമ്പാവൂർ - 77

നോർത്ത് പറവൂർ -77

എറണാകുളം - 71

ആലുവ - 60