ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിൽ വാർഷിക കെട്ടിടനികുതി പിരിവ് ക്യാമ്പ് ജനങ്ങൾ അറിയുന്നില്ലെന്ന് ആക്ഷേപം. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാമ്പ് നടക്കുന്നുണ്ടെങ്കിലും ആവശ്യമായ പ്രചരണമില്ലെന്നാണ് പരാതി. നിശ്ചിതസ്ഥലങ്ങളിൽ ജീവനക്കാർ നികുതി പിരിക്കാൻ ഇരിക്കുന്ന കാര്യം പോലും സമീപത്തുള്ളവർ അറിയുന്നില്ലത്രേ. കഴിഞ്ഞദിവസം കുട്ടമശേരി എം.എൻ ഹാളിൽ നടന്ന ക്യാമ്പ് ഉപഭോക്താക്കൾ അറിഞ്ഞില്ലെന്ന് മുസ്ളീംലീഗ് കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി റെനീഫ് അഹമ്മദ് ആരോപിച്ചു.
മൂന്ന് വാർഡുകൾക്കാണ് ക്യാമ്പ് വച്ചത്. പുറത്ത് ഒരു ബോർഡ് പോലും ഇല്ലാതിരുന്നതിനാൽ ഉദ്യോഗസ്ഥർ വെറുതെയിരിക്കുന്ന സാഹചര്യമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അതെല്ലാം പഞ്ചായത്ത് അംഗങ്ങളുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറിയെന്നും ഇത്തരത്തിലുള്ള നിരുത്തരവാദിത്വ നിലപാടുകൾക്കെതിരെ അധികൃതർ നടപടിയെടുക്കണമെന്നും റെനീഫ് ആവശ്യപ്പെട്ടു.