കൊച്ചി: ശാസ്ത്ര- സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ കണ്ടെത്തലുകളുടെ പ്രദർശനവുമായ സ്വാശ്രയ ഭാരത്-കേരള ശാസ്ത്ര മഹോത്സവം 23 മുതൽ 26 വരെ എറണാകുളം മറെെൻഡ്രെെവിൽ നടക്കും. 23 ന് രവിലെ 10 ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. എൺ.എൻ. രാജീവൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. എെ.എസ്.ആർ.ഒ, കൊച്ചി കപ്പൽശാല, ഇൻകോയിസ്, ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഓർഗനെെസേഷൻ തുടങ്ങിയ നൂറോളം സ്ഥാപനങ്ങളുടെ മികവുതെളിയിക്കുന്ന ശാസ്ത്ര കണ്ടെത്തലുകൾ പ്രദർശനത്തിൽ ഉണ്ടാകും. 23 ന് വിദ്യാർത്ഥികളും ശാസ്ത്രജ്ഞരും പങ്കെടുക്കുന്ന സംവാദത്തിന് ഇൻകോയീസ് ഡയറക്ടർ ഡോ. സതീഷ് സി.ഷേണായി, എസ്. അനന്തനാരായണൻ , എെ.എസ്.ആർ.ഒയിലെ സി.രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകും. തിങ്കളാഴ്ച്ച നടക്കുന്ന കാർട്ടൂൺ ഉപയോഗിച്ച് ശാസ്ത്ര പഠനം എളുപ്പമാക്കുന്ന സയൺടൂണിൽ സയൺടൂൺ ഉപജ്ഞാതാവും സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടിലെ മുൻ ശാസ്ത്രജ്ഞനുമായ ഡോ. പ്രദീപ് ശ്രീവാസ്തവ പങ്കെടുക്കും. സമാപന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ മുഖ്യാതിഥിയാകും. പ്രവേശനം സൗജന്യമാണ്.