കൊച്ചി : തീവ്രവാദ പ്രവർത്തനങ്ങൾക്കായി കണ്ണൂരിലെ കനകമലയിൽ രഹസ്യയോഗം ചേർന്നതുമായി ബന്ധപ്പെട്ട കേസിൽ ഒമ്പതു പ്രതികളുടെ വിചാരണ പൂർത്തിയായതോടെ എറണാകുളം എൻ.ഐ.എ കോടതി നവംബർ 25 വിധി പറയും. ദേശീയ അന്വേഷണ. ഏജൻസി സമർപ്പിച്ച രണ്ടു കുറ്റപത്രങ്ങളിലായി കോഴിക്കോട് സ്വദേശി മൻസീദ് എന്ന ഒമർ അൽ ഹിന്ദി, ചേലക്കര സ്വദേശി യൂസഫ് ബിലാൽ എന്ന ടി. സ്വാലിഹ് മുഹമ്മദ്, കോയമ്പത്തൂർ സ്വദേശി റാഷിദ് എന്ന അബ് ബഷീർ, കുറ്റ്യാടി സ്വദേശീ റംഷാദ് നങ്കീലൻ, തിരൂർ സ്വദേശി സ്വാഫാൻ, കുറ്റ്യാടി സ്വദേശി എൻ.കെ. ജാസിം, കോഴിക്കോട് സ്വദേശി സജീർ, തിരുനെൽവേലി സ്വദേശി സുബഹാനി ഹാജ മൊയ്തീൻ,എന്നിവരാണ് വിചാരണ നേരിട്ടത്.
2016 ഒക്ടോബറിൽ പ്രതികൾ കണ്ണൂരിലെ കനകമലയിൽ രഹസ്യ യോഗം ചേർന്ന് തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തെന്നാണ് കേസ്. കേരളത്തിലെ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ ആക്രമിക്കാനും ഹൈക്കോടതി ജഡ്ജിമാർ, രാഷ്ട്രീയ നേതാക്കൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരെ ആക്രമിക്കാനും ഇവർ പദ്ധതിയിട്ടിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു. 70 സാക്ഷികളെ കേസിൽ വിസ്തരിച്ചു.