കൂത്താട്ടുകുളം: കോടികൾ വിലമതിക്കുന്ന ഭൂമി വീടില്ലാത്തവർക്ക് നൽകി മാതൃകയായിരിക്കുകയാണ് ഇലഞ്ഞിക്കാരനായ ലൂക്കോസും കുടുംബവും. എം.സി റോഡരികിൽ കൂത്താട്ടുകുളം ബാപ്പുജി സ്‌കൂൾ കവലയ്ക്ക് സമീപമുള്ള ഒരേക്കർ അഞ്ച് സെന്റ് ഭൂമിയിൽ നിന്നാണ് 20 പേർക്ക് 3 സെന്റ് വീതം വീട് വയ്ക്കാൻ നൽകുന്നത്. ഇനി എം.സി റോഡിനോട് ചേർന്നുള്ള ഈ ഭൂമിയിൽ ഇരുപത് പേരുടെ സ്വപ്ന വീടുകൾ ഉയരും. ഇലഞ്ഞി വെള്ളാമതടത്തിൽ വീട്ടിൽ വി.ജെ.ലൂക്കോസും ഭാര്യ സെലിനും മക്കൾ ജോജിക്കും, ജിജി ജോസിനും കൂട്ടായെടുത്ത തീരുമാനമാണ് നടപ്പാവുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച അപേക്ഷ അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് ഭൂമി നൽകുന്നത്. ഒരേ മനസോടെ കുടുംബാംഗങ്ങൾ എടുത്ത തീരുമാനം നടപ്പാക്കുന്നതിന് സ്നേഹിത് ചാരിറ്റബിൾ സൊസൈറ്റി ആവശ്യമായ സഹകരണങ്ങൾ നൽകി. ഗുണഭോക്താക്കളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തുന്നതിനും മാനദണ്ഡങ്ങൾക്ക് അനുസരിച്ച് അർഹരായവരെ തിരഞ്ഞെടുക്കുന്നതിനും ചാരിറ്റബിൾ സംഘം സഹായിച്ചു. മുന്നൂറോളം അപേക്ഷകളാണ് ലഭിച്ചത്. അച്ഛൻ, അമ്മ, എന്നിവരോടൊപ്പം മക്കളുമായി ഇരുപത് വർഷത്തിലേറെ കാലം സ്ഥലമില്ലാതെ വാടകകെട്ടിടത്തിൽ താമസിക്കുന്നവരെയാണ് അർഹതപട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് ലൂക്കോസ് പറഞ്ഞു. ദീർഘകാലമായി ഇലഞ്ഞി റബ്ബർ ഉത്പാദക സംഘം പ്രസിഡന്റാണ് ലൂക്കോസ്.
ആദ്യഘട്ടം ഇന്ന്
ലൂക്കോസിന്റെ അമ്മ പരേതയായ ഏലിയാമ്മയുടെ രണ്ടാം ചരമവാർഷികദിനമായ ഇന്ന് ആദ്യഘട്ടമായി പതിനഞ്ച് പേർക്ക് ആധാരങ്ങൾ കൈമാറും. ബാക്കി 5 പേർക്കുള്ള സ്ഥലം പിന്നീട് നൽകും. ഇവർക്ക് ഉപയോഗിക്കുന്നതിനുള്ള റോഡിനും കിണറിനുമുള്ള സ്ഥലവും ഉൾപ്പെടുത്തിയിട്ടുണ്ട്.