uthara
ഉത്തരമേനോൻ

കൊച്ചി: വെൻ ഐ ഗോ ടു മാർസ്..... ഞാൻ ചൊവ്വയിലേക്ക് പോകുമ്പോൾ എന്നതിനെ കുറിച്ച് കഥയഴുതാൻ പറഞ്ഞപ്പോഴും ഉത്തരയുടെ മനസ് നിറയെ മണ്ണും മരവുമായിരുന്നു. ഭൂമിയെ അത്രത്തോളം സ്നേഹിക്കുന്ന പെൺകിടാവ് പിന്നെന്ത് ചിന്തിക്കാൻ? അക്ഷരങ്ങൾ വാക്കുകളാക്കി അവൾ എഴുതിയതും അതുതന്നെ. ഭൂമിയെന്ന സുന്ദരഗ്രഹം നശിപ്പിച്ച് ചൊവ്വയിലേക്ക് പോകാനൊരുങ്ങുന്ന മനുഷ്യരും പിന്നീട് അവരുടെ യാത്ര മുടങ്ങുന്നതുമാണ് അവൾ കഥയാക്കിയത്. ഒടുവിൽ, ഹൈസ്കൂൾ വിഭാഗം ഇംഗ്ളീഷ് കഥാരചനയുടെ റിസൾട്ട് വന്നപ്പോൾ നോർത്ത് പറവൂർ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ളാസുകാരി ഉത്തരമേനോൻ ഒന്നാമത്!

ഉത്തരയെ ഇതിനുമുമ്പേ നമ്മളറിയും. മണ്ണിനും മരത്തിനും വനത്തിനും വേണ്ടിയുള്ള പറവൂർ വഴിക്കുളങ്ങരയിലെ ശാന്തിവനം സമരത്തിലെ കുട്ടിനായിക ആയിരുന്നു അവൾ. അമ്മ മീനമേനോനൊപ്പം തന്റെ മണ്ണിന്റെ പെരുമയെക്കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തിയവൾ. കഥയിൽ പേരെഴുതാതെയാണെങ്കിലും അവളുടെ ശാന്തിവനവും നിറഞ്ഞു നിന്നിരുന്നു.

ഇംഗ്ളീഷ് കഥാരചനയ്ക്ക് മത്സരിക്കാൻ ജില്ലയിൽ ആദ്യമായാണ് ഉത്തര എത്തുന്നത്. ഇതുവരെ മലയാളം കഥ, കവിത എന്നിവയ്ക്ക് മത്സരിച്ചിട്ടുണ്ട്. എന്നാൽ, ഇത്തവണ മലയാളത്തിൽ ജില്ലയിൽ മത്സരിക്കാൻ അവൾക്ക് അവസരം ലഭിച്ചില്ല. ഉപജില്ലാ കലോത്സവത്തിൽ മത്സരിച്ചവരുടെ ലിസ്റ്റിൽ പോലും ഉത്തരയുടെ പേര് വരാതിരുന്നതാണ് കാരണം. അന്വേഷിച്ചപ്പോൾ സോഫ്റ്റ്‌വെയറിന്റെ അപാകതയെന്നാണ് അറിഞ്ഞത്. എ.ഇ.ഒയ്ക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും മത്സരിക്കാനുള്ള അവസരം നഷ്ടമായതിന്റെ സങ്കടത്തിലാണ് ഈ കൊച്ചുമിടുക്കി. കഥാരചനയ്ക്ക് പുറമെ വന്ദേമാതരം മത്സരത്തിലും ഉത്തര പങ്കെടുത്തു.

ശാന്തിവനത്തിൽ കെ.എസ്.ഇ.ബി ടവർ ഉയർത്തിയതോടെ സമരം കെട്ടടങ്ങിയെങ്കിലും പിന്മാറാൻ തയ്യാറല്ല താനും അമ്മയുമെന്ന് ഉത്തര പറയുന്നു. കാവ് സംരക്ഷണത്തിനായി എന്തെങ്കിലും നിയമ നിർമ്മാണം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് ഇവർ.