പെരുമ്പാവൂർ: അയ്യപ്പപണിക്കരുടെ അഗ്നിപൂജ എന്ന കവിത കൃഷ്ണപ്രിയ ആദ്യം കേൾക്കുന്നത് അഞ്ചാംക്ളാസിൽ പഠിക്കുമ്പോഴാണ്. രണ്ട് വർഷത്തിനിപ്പുറം പെരുമ്പാവൂരിൽ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ മലയാളം പദ്യം ചൊല്ലലിൽ പങ്കെടുക്കാൻ അവസരം ലഭിച്ചപ്പോൾ എന്ത് പാടണമെന്ന് കൃഷ്ണപ്രിയയ്ക്ക് കൺഫ്യൂഷൻ ഏതുമുണ്ടായില്ല. അമ്മൂമ്മയുടെ ഫോണിൽ യൂട്യൂബെടുത്ത് അഗ്നിപൂജ കവിത കേട്ട് സ്കൂളിലെ സംഗീതാധ്യാപിക ജീനടീച്ചറെ അറിയിച്ചു. അങ്ങനെ ടീച്ചറുടെ സഹായത്തോടെ കവിത മുഴുവൻ പഠിച്ചെടുത്ത് അവതരിപ്പിച്ചു. യു.പി വിഭാഗത്തിൽ ഒന്നാംസ്ഥാനവും നേടി പള്ളുരുത്തി ഒ.എഎൽ.സി.ജി ഹൈസ്കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിനിയായ കൃഷ്ണപ്രിയ ആർ.ജി.
അഞ്ചാംക്ളാസിൽ പഠിക്കുമ്പോഴും മലയാളം പദ്യംചൊല്ലലിൽ ഒന്നാംസ്ഥാനം നേടിയുണ്ട് ഈ മിടുക്കി. കഴിഞ്ഞ വർഷം പ്രളയത്തിന്റെ ബാക്കിയായി കലോത്സവം വേണ്ടെന്ന് വച്ചപ്പോൾ കൃഷ്ണപ്രിയയ്ക്ക് നഷ്ടമായത് പദ്യംചൊല്ലലിൽ ഹാട്രിക് അടിക്കാനുള്ള അവസരം. അടുത്ത വർഷങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മത്സരിച്ച് ആ സങ്കടം തീർക്കാനാകുമെന്ന പ്രതീക്ഷയിലാണ് കൃഷ്ണപ്രിയ.