foto

കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിലെ മുഖ്യ ആസൂത്രകനായ കൊല്ലം സ്വദേശി അജാസ്, വെടിവയ്പ്പ് നടത്താൻ പെരുമ്പാവൂരിലെ ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകിയ കാസർകോട്ടെ ക്രിമിനൽ സംഘത്തലവൻ മോനായി എന്നിവരെ ദുബായിൽ നിന്ന് കൊച്ചിയിലെത്തിക്കാൻ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി. ഇവരെ ഇവിടെയെത്തിച്ച് വിശദമായി ചോദ്യം ചെയ്തശേഷം അനുബന്ധ കുറ്റപത്രം സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം.

കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ അജാസിനെ ചില സംശയങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, ചോദ്യം ചെയ്യലടക്കമുള്ള നീക്കങ്ങൾ ആരംഭിക്കും മുമ്പ് ഇയാൾ ദുബായിലേക്ക് കടന്നു. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള അടുത്ത ബന്ധമാണ് അജാസിന്റെ രക്ഷപ്പെടലിന് കളമൊരുക്കിയതെന്ന ആക്ഷേപം അന്ന് ഉയർന്നിരുന്നു. അജാസാണ് കേസിലെ മുഖ്യ പ്രതിയെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് ഇയാളുടെ കൊല്ലത്തെയും കാസർകോട്ടെയും വീടുകളിൽ റെയ്ഡ് നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ദുബായിലേക്ക് കടന്ന അജാസ് ബ്യൂട്ടിപാർലർ കേസ് അന്വേഷിച്ച ഷാഡോ പൊലീസിനെതിരെ വ്യാജ ആരോപണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും പുതിയ ടീം അജാസടക്കം കേസുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് രഹസ്യാന്വേഷണം നടത്തുകയും ചെയ്തു. തുടർന്ന് അജാസിനെയും മറ്റൊരു പ്രതിയേയും ചേർത്ത് ഒരു കുറ്റപത്രം ക്രൈംബ്രാഞ്ച് സമർപ്പിച്ചു. വിശദമായ അന്വേഷണത്തിനും ചോദ്യം ചെയ്യലിനുമാണ് ഇയാളെ ദുബായിൽ നിന്ന് കൊച്ചിയിലെത്തിക്കാനുള്ള ശ്രമം ക്രൈംബ്രാഞ്ച് നടത്തുന്നത്.

വ്യാജ ഡോക്ടർ മുതൽ നിർമ്മാതാവ് വരെ

ചില സിനിമയുടെ നിർമ്മാതാവ് കൂടിയാണ് വെടിവയ്പ്പ് കേസിലെ മുഖ്യപ്രതി അജാസ്. കൊല്ലം സ്വദേശിയായ ഇയാളുടെ സിനിമകൾ പരാജയപ്പെട്ടതോടെ സാമ്പത്തികമായി തകർന്നു. കൂടുതൽ പണത്തിനായാണ് ഇയാൾ നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി വൻ തുക തട്ടാൻ പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ അടുത്ത അനുയായി കൂടിയാണ് അജാസ്. ഈ ബന്ധം വഴിയാണ് അജാസ് അധോലോക തലവൻ രവി പൂജാരയുമായി അടുത്തത്. അജാസിന്റെ മറ്റൊരു സുഹൃത്ത് മുഖാന്തരമാണ് ലീനയുടെ കൈവശം കോടികളുണ്ടെന്ന് അറിഞ്ഞത്. 25 കോടി തട്ടുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ,​ ലീന പണം നൽകാൻ തയ്യാറായില്ല. തുടർന്ന് ലീനയുടെ ബ്യൂട്ടിപാർലറിന് നേരെ വെടിവയ്പ്പുണ്ടാകുമെന്ന വിവരം ചോർന്ന് കിട്ടിയതായി പൊലീസിനെ അറിച്ചു. പൊലീസ് അന്വേഷിച്ചെങ്കിലും രവി പൂജാര വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ആദ്യം ലീന പൊലീസിനോട് പറഞ്ഞത്. എന്നാൽ,​ ഏതാനും ദിവസങ്ങൾക്ക് ശേഷം കൊച്ചിയെ ഞെട്ടിച്ച് വെടിവയ്പ്പുണ്ടായി.

തുടർന്നാണ് കൊച്ചി സിറ്റി പൊലീസ് അന്വേഷണം നടത്തി വിവരങ്ങൾ ശേഖരിച്ചത്. വെടിവയ്പ്പ് നടക്കുമെന്ന് അറിഞ്ഞത് എങ്ങിനെയെന്ന സംശയത്തെ തുടർന്നാണ് അജാസിനെ പിടികൂടിയത്. സിനിമാ രംഗത്തേക്ക് എത്തുന്നതിന് മുമ്പ് ഡോക്ടറായിരുന്നെന്നാണ് ഇയാൾ ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ,​ ഇയാൾ ഡോക്ടറല്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

50 ലക്ഷത്തിന്റെ ക്വട്ടേഷൻ

ബ്യൂട്ടിപാർലർ കേസിൽ ആലുവ കോമ്പാറ വെളുംകോടൻ വീട്ടിൽ ബിലാൽ (25)
എറണാകുളം കടവന്ത്ര കസ്തൂർബാ നഗറിൽ വിപിൻ വർഗീസ് (30), ആലുവ സ്വദേശി അൽത്താഫ് എന്നിവരാണ് പിടിയിലായിട്ടുള്ളത്. 50 ലക്ഷം രൂപയ്ക്കാണ് ഇവർ ക്വട്ടേഷൻ ഏറ്റെടുത്തത്. അജാസും രവി പുജാരയുമായി ബന്ധമുള്ള കാസർകോട് സംഘമാണ് ക്വട്ടേഷൻ നൽകിയത്. എന്നാൽ, 45,000 രൂപ മാത്രമാണ് ഇവർക്ക് ലഭിച്ചത്. അതും പലതവണയായി. വെടിവയ്പ്പിനു ശേഷം ആലുവ എൻ.എ.ഡി ഭാഗത്തുള്ള കാട്ടിൽ 'അമേരിക്ക' എന്നറിയപ്പെടുന്ന ഒളിസങ്കേതത്തിലാണ് ഇവർ കഴിഞ്ഞിരുന്നത്.പിന്നീട് കാസർകോട്ടും ഒളിവിൽ കഴിഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ 15നാണ് ബ്യൂട്ടിപാർലറിന് നേരെ വെടിവയ്പ്പുണ്ടായത്.

പുജാര എവിടെ ?​

ജനുവരി ആദ്യമാണ് അധോലോക നേതാവ് രവി പൂജാര സെനഗലിൽ പിടിയിലായത്. എന്നാൽ, ഇയാൾ അടുത്തിടെ ജാമ്യത്തിൽ ഇറങ്ങുകയും അവിടെ നിന്നും കടന്നുകളഞ്ഞെന്നുമാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കർണാടക പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് വിവരം. എന്നാൽ, രവി പുജാര എവിടെയെന്നത് ഇപ്പോഴും ദുരൂഹമാണ്. ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലാണ് രവി പൂജാരയുടെ ഒളിത്താവളമെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഗിനിയ, ഐവറി കോസ്റ്റ്, സെനഗൽ, ബുർക്കിന ഫാസോ എന്നിവിടങ്ങളിൽ മാറിമാറി കഴിയുകയായിരുന്നു. പുജാരയെക്കുറിച്ച് സെനഗൽ എംബസിക്ക് വിവരം നൽകിയിരുന്നു. ഇതേതുടർന്നാണ് അറസ്റ്റുണ്ടായത്. സനഗലിന്റെ തലസ്ഥാനമായ ഡക്കറിലെ ബാർബർ ഷോപ്പിൽ വച്ചാണ് അധോലോക നേതാവ് പിടിയിലായത്. പൂജാരയെ കേസിലെ മൂന്നാം പ്രതിയാക്കി മാർച്ച് അഞ്ചിനാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. പുജാര സെനഗലിൽ പിടിയിലായതിന് പിന്നാലെയായിരുന്നു ഈ നീക്കം.

''കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. അജാസടക്കം രണ്ട് പേരെ കൂടി പ്രതിചേർത്തിട്ടുണ്ട്. നാല് മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാകും"-ജോസി ചെറിയാൻ, ഡിവൈ.എസ്.പി, ക്രൈംബ്രാഞ്ച്